Thu. Dec 12th, 2024

 

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലിയാര്‍ പുഴയിലും മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തുമെന്നും പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ തുടരും. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

ക്യാംപിനകത്ത് കുടുംബാംഗങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാന്‍ പോകുന്നവര്‍ക്ക് സംസാരിക്കാന്‍ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നല്‍കാനാവും. പെട്ടെന്ന് സ്‌കൂളിലേക്ക് പോകാനാവില്ല.

മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവര്‍ക്കും കൗണ്‍സിലിങ് നല്‍കും. കൂടുതല്‍ പേരെ ദൗത്യത്തിന്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ അതിന് തയ്യാറല്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേത് മഹാ ദുരന്തമാണ്. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകള്‍ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകള്‍ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്‌കരിക്കും.

12 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.