കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 250 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്.
അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.