കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനസ്ഥാപിച്ച് കെഎസ്ഇബി.
തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിച്ചതെന്ന് കെഎസ്ഇബി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തി. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ഏറെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പ്രവർത്തി പൂർത്തിയാക്കിയത്. കെഎസ്‌ഇബി മേപ്പാടി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ചൂരൽമല ടൗണിലെ പ്രകാശ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.