Sat. Jan 18th, 2025

 

കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുന്നതില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരന്‍. പ്രിയങ്കാ ഗാന്ധിയല്ല ഇന്ദിരാ ഗാന്ധി മല്‍സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ദിവാകരന്‍ പറഞ്ഞു.

‘സിപിഐക്ക് ആരെയും പേടിയില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നത് സിപിഐയുടെ അവകാശമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ജയം അവകാശപ്പെടുന്നില്ലെങ്കിലും മികച്ച മല്‍സരം കാഴ്ചവെക്കുമെന്നും’ ദിവാകരന്‍ വ്യക്തമാക്കി.

‘രാഹുല്‍ ഗാന്ധി വന്നു പോയി. ഇനി സോണിയ ഗാന്ധി സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ മല്‍സരിച്ചാലും സന്തോഷമേയുള്ളൂ. കേരളത്തിലുള്ളവര്‍ക്ക് പ്രാദേശികമായ യാതൊരു ചിന്തയുമില്ല. ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ഇത്രയും ഭൂരിപക്ഷത്തില്‍ ജയിക്കുമോ’ എന്നും ദിവാകരന്‍ ചോദിച്ചു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലി അടക്കം രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിന് പിന്നാലെയാണ് വയനാട് ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാര്‍ഥി.