Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: 18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കായി ചരടുവലികള്‍ ആരംഭിച്ച് എന്‍ഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ബിജെപി തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. പകരം ചര്‍ച്ചയിലൂടെ സമവായത്തില്‍ എത്തി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യ കക്ഷികളില്‍ ഒരാള്‍ക്ക് നല്‍കാനും ബിജെപി ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ജൂണ്‍ 24 നാണ് 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ജൂണ്‍ 26 ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയായിരിക്കും സ്പീക്കര്‍ സ്ഥാനത്ത് എത്തുകയെന്ന് ടിഡിപിയും പ്രഖ്യാപിച്ചു.

ഇതിനിടെ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് രംഗത്ത് എത്തി. സ്പീക്കര്‍ പദവി ബിജെപി തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും തങ്ങളുടെ എംപിമാരുടെ കുതിരക്കച്ചവടത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.