Sun. Dec 22nd, 2024

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിച്ചതിനാണ് അര്‍ജുനെതിരെ കേസ്. പോലീസ് അര്‍ജുന്റെ മൊഴി രേഖപ്പെടുത്തും.

ചൊവാഴ്ച്ച പുലർച്ചെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടം.

അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.

നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലേക്കും തൊട്ടടുത്ത കെട്ടിടത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സ് മറിഞ്ഞ് നിമിഷങ്ങൾക്കകം ഒരു തീഗോളമായി മാറുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.