Sat. Jun 22nd, 2024

അംബാനിയിൽ  നിന്നും അദാനിയിൽ നിന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും കള്ളപ്പണം കൈപ്പറ്റിയെന്നും ഇരുവരെക്കുറിച്ചും ഇപ്പോൾ രാഹുൽ ഗാന്ധി മിണ്ടുന്നില്ലായെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. 2024 ഏപ്രിൽ മൂന്ന് മുതൽ അദാനിയെക്കുറിച്ച് 103 തവണയും അംബാനിയെക്കുറിച്ച് 30 തവണയും രാഹുൽ ഗാന്ധി തൻ്റെ പ്രസംഗങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രംഗത്തെത്തിയിരുന്നു.

എന്നാൽ ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ വാർത്തയെ അപ്രധാനമായാണ് കൈകാര്യം ചെയ്തതെന്നും മോദിയുടെയും അദാനിയുടേയും ഒരുമിച്ചുള്ള  ചിത്രം വെച്ച് ആദ്യ പേജിൽ വാർത്ത കൊടുക്കാൻ മാധ്യമങ്ങൾ ഭയപ്പെടുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ആർ രാജഗോപാൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

മോദിയുടെ അംബാനി – അദാനി പ്രസംഗത്തെക്കുറിച്ച് പരമ്പരാഗത മാധ്യമങ്ങൾ എന്ത് വാർത്തയാണ് നൽകിയതെന്നും വായിക്കുന്ന പത്രത്തിന് പണം നൽകുന്ന ആളെന്ന നിലക്ക് തൻ്റെ ചോദ്യം പ്രാധാന്യമർഹിക്കുന്നതാണെന്നും ആർ രാജഗോപാൽ പറയുന്നു. മോദിയുമായി ബന്ധപ്പെട്ട വാർത്തകളെ മാധ്യമങ്ങൾ എങ്ങനെയാണ് സമീപിക്കുന്നതെന്ന് അക്കമിട്ട് നിരത്തിയാണ് ഉന്നയിച്ചിരിക്കുന്നത്.

‘14 മണിക്കൂർ മുൻപ് മാധ്യമപ്രവർത്തകനായ രവീഷ് കുമാർ അപ്ലോഡ് ചെയ്ത വീഡിയോ ഞാൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പകുതി ദിവസം കൊണ്ട് രവീഷ് കുമാറും മറ്റുള്ളവരും നൽകിയ വിവരങ്ങളിൽ കൂടുതൽ എന്തെങ്കിലും പത്രങ്ങളിൽ പറയുന്നുണ്ടോയെന്ന്’ ആർ രാജഗോപാൽ ചോദിക്കുന്നു. 

ഇന്ത്യൻ എക്സ്പ്രസിൽ മാത്രമാണ് മോദിയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന മെയ് ഒന്ന് മുതലുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്. താൻ വായിക്കുന്ന എട്ട് പത്രങ്ങളിൽ ഒന്നിലും യഥാർത്ഥ വാർത്ത കണ്ടില്ലെന്നും എല്ലാവരും ജയ്റാം രമേശിൻ്റെ പ്രതികരണം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ആർ രാജഗോപാൽ പറയുന്നു.

‘മലയാളം പത്രങ്ങളിൽ ഒന്നിൽ പോലും വാർത്ത ആദ്യ പേജിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. മറ്റ് പ്രധാന വാർത്തകളുള്ള ഒരു ദിവസമായിരുന്നു ഇന്നലെ എന്നത് സമ്മതിക്കുന്നു. കാറപകടത്തിൽ ഒരു ബിഷപ്പ് മരിച്ചതും എസ്എസ്എൽസി ഫലപ്രഖ്യാപനവുമെല്ലാം പ്രധാനപ്പെട്ട വാർത്തകൾ തന്നെയാണ്. എന്നാൽ ഇത്തരമൊരു രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തക്ക് ഇടം കണ്ടെത്താൻ പത്രങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ മികച്ച വാർത്ത എഡിറ്റർമാരെ നിയമിക്കുകയാണ് വേണ്ടത് (എഡിറ്റർമാരാണ് വാർത്തകൾ തീരുമാനിക്കുന്നതെങ്കിൽ).ഒരു ദേശീയ പത്രത്തിൻ്റെ തിരുവനന്തപുരം എഡിഷനിൽ പോലും വാർത്ത പ്രധാന ലീഡായിരുന്നില്ലെന്ന് ‘ രാജഗോപാൽ പറയുന്നു.

‘ഒരു പത്രങ്ങളിലും അദാനിയോടൊപ്പമോ അംബാനിയോടൊപ്പമോ ഉള്ള മോദിയുടെ ചിത്രങ്ങളും കണ്ടില്ല. പകരം തീരെ പ്രാധാന്യമില്ലാത്ത മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചിത്രങ്ങളാണ് നൽകിയിരുന്നത്. എന്നാൽ വളരെ പ്രധാന്യമുള്ള ചിത്രങ്ങളാണ് രവീഷ് കുമാർ നൽകിയിരിക്കുന്നത്. ‘പാപ്പ’ മാധ്യമങ്ങളേക്കാളും സംപ്രേക്ഷണ സമയം കുറവുള്ള തൻ്റെ ചാനലിൽ എങ്ങനെയാണ് അദ്ദേഹം ഇത്രയും ചിത്രങ്ങൾ ഉൾപ്പെടുത്തിയത്.

ടൈംസ് ഓഫ് ഇന്ത്യയിൽ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം ഞാൻ കണ്ടത്. 2014 മുതൽ തന്നെ അദാനിയെക്കുറിച്ച് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിരുന്നതായി രവീഷ് കുമാർ ചൂണ്ടിക്കാണിക്കുന്നു. ന്യൂസ്പേപ്പർ ലൈബ്രറികളുടേയോ വാർത്താ സ്രോതസുകളുടെയോ ഹോട്ട്ഷോട്ട് മാധ്യമപ്രവർത്തകരുടെയോ സഹായമില്ലാതെയാണ്  വിവരങ്ങൾ രവീഷ് കുമാർ അവതരിപ്പിക്കുന്നത്. മോദിയോടുള്ള ഭയമാണോ ആരാധനയാണോ ന്യൂസ്റൂമുകളെ വിവരങ്ങളും ചിത്രങ്ങളും നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന്’ ആർ രാജഗോപാൽ ചോദിക്കുന്നു.

‘മോദിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിൽ ഒരു ചിത്രമെങ്കിലും ന്യൂസ്റൂമിലുള്ളവർ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ മോദിയെയല്ല ഇടത് സർക്കാരിനെയാണ് ലക്ഷ്യം വെക്കുന്നത്. 

മോദി-അദാനി ബന്ധങ്ങളെക്കുറിച്ചോ, അവരുടെ കൂടിക്കാഴ്ചകളെക്കുറിച്ചോ ഒരു സ്റ്റോറി മാധ്യമങ്ങൾക്ക് ചെയ്യാമായിരുന്നു. ഇത്തരത്തിലുള്ള ഒരു ബിസിനസ് സ്റ്റോറിയെ എങ്ങനെ അവഗണിക്കാനാവുക. അദാനിയും അംബാനിയും മാധ്യമപ്രവർത്തകർക്കെതിരെ മാനനഷ്ട കേസ് കൊടുത്തതിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാമായിരുന്നു. അനിൽ അംബാനിയുടെ ഒരു കമ്പനി 22000 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇപ്പോൾ ഇങ്ങനെയൊരു പരാമർശം നടത്തിയതുകൊണ്ട് മോദിക്കെതിരെ അദാനിയോ അംബാനിയോ മാനനഷ്ട കേസ് കൊടുക്കുമോ?

മോദിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിരന്തരമായ പോരാട്ടത്തെക്കുറിച്ച് ഒരു വാർത്ത ചെയ്യാമായിരുന്നു. അദാനിക്കെതിരെയും അദ്വാനിക്കെതിരെയും സംസാരിക്കാൻ ധൈര്യപ്പെട്ട ഒരേയൊരു ദേശീയ നേതാവാണ് രാഹുൽ ഗാന്ധി. 

രവീഷ് കുമാറിൻ്റെ വീഡിയോ 1.6 മില്ല്യൺ പേരാണ് കണ്ടതെന്നാണ് അവസാനമായി പരിശോധിച്ചപ്പോൾ എനിക്ക് മനസിലായത്. രവീഷ് കുമാർ സ്വതന്ത്രനാണെന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. വായിക്കുന്ന പത്രത്തിന് പണം നൽകുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് താൻ ഇതെഴുതുന്നതെന്നും മറ്റ് മാധ്യമങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് തെളിയിക്കുന്നതാണെന്നും രാജഗോപാൽ പറയുന്നു.