Mon. May 20th, 2024

കൊച്ചിയിൽ ഗർഭിണികളായ പെൺകുട്ടികൾ മെഡിക്കൽ സഹായമില്ലാതെ തങ്ങളുടെ താമസസ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. ഇത്തരം  സംഭവങ്ങൾ ആദ്യത്തേത് അല്ലെങ്കിലും പ്രസവിച്ച കുഞ്ഞിനെ അമ്മ റോഡിലേക്കെറിഞ്ഞു കൊന്നുവെന്നത് ഞെട്ടലോടെയാണ്  കേരളം കേട്ടത്. 

മെയ് മൂന്നിന് എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാനഗർ റോഡിലാണ് അമ്മ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം വന്ന റിപ്പോർട്ടുകളിൽ ഞെട്ടലും സഹതാപവും പരിഭ്രാന്തിയുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 23 വയസുകാരിയായ അമ്മയാണ് കുഞ്ഞിൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ പിന്നീട് പുറത്തുവന്ന വാർത്തകളുടെ രീതിയിലും മാറ്റങ്ങളുണ്ടാകാൻ തുടങ്ങി.

വിവാഹിതയല്ലാത്ത പെൺകുട്ടി കുഞ്ഞിനെ പ്രസവിച്ചു, കുട്ടികളുടെ കൊലപാതകികളാകുന്ന അമ്മമാർ തുടങ്ങിയ തരത്തിൽ വാർത്തകൾ വരാൻ തുടങ്ങി. പനമ്പിള്ളി നഗറിലെ സംഭവത്തിൽ പെൺകുട്ടി ബലാൽസംഘത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു.

മാതാപിതാക്കളുടെ അപ്പാർട്ട്മെൻ്റിലെ ബാത്ത്റൂമിലാണ്  പ്രസവിച്ചതെന്നും കുഞ്ഞിനെ താഴേക്കെറിഞ്ഞത് താനാണെന്നും പെൺകുട്ടി കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം തങ്ങൾക്കറിയിലാലയിരുന്നുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. 

കൊച്ചിയിൽ ഹോസ്റ്റലിലെ ബാത്ത്റൂമിൽ പെൺകുട്ടി പ്രസവിച്ചതായിരുന്നു മറ്റൊരു സംഭവം. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു. ഈ സംഭവത്തിലും അവിവാഹിതയെന്ന കാര്യം ഊന്നിപറഞ്ഞുവെങ്കിലും മറ്റൊരു രീതിയിലാണ് മാധ്യമങ്ങൾ വാർത്തയെ സമീപിച്ചത്. കുഞ്ഞ് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസ വാചകങ്ങളാണ് വാർത്തക്ക് തലക്കെട്ടുകളായി നൽകിയിരുന്നത്.

ഒരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഉൾപ്പെടുത്തുന്ന ഭീകരത, ആ കുറ്റകൃത്യം ചെയ്തത് ഒരു സ്ത്രീയാണെന്ന് തെളിയുമ്പോൾ ഇരട്ടിയാകുന്നു. കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പ്രതിസ്ഥാനത്ത് വരുമ്പോൾ മാധ്യമങ്ങൾ ആ വാർത്തയെ കൈകാര്യം ചെയ്യുന്നത് മറ്റൊരു രീതിയിലാണ്. അവൾ ചെയ്ത കുറ്റകൃത്യത്തേക്കാൾ ഒരു സ്ത്രീ ഉത്തരം നൽകേണ്ടി വരിക സ്ത്രീത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ്. 

വിധേയത്വവും ക്ഷമയും സഹനശേഷിയുമുള്ള അമ്മ കുഞ്ഞിനെ കൊല്ലുന്നു എന്ന തീവ്രത ഉണ്ടാക്കിയെടുക്കാനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. നൂറ്റാണ്ടുകളായി മാതൃത്വത്തോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടാണിത്.

പനമ്പിള്ളിനഗറിലെ സംഭവത്തിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിൻ്റെ അതിജീവിതയാണ് എന്നതിന് വേണ്ടവിധത്തിലുള്ള പ്രാധാന്യം മലയാള മാധ്യമങ്ങൾ നൽകിയിരുന്നോ എന്നത് സംശയമാണ്. അമ്മ കുഞ്ഞിനോട് ചെയ്ത ക്രൂര കൃത്യം എന്ന പരാമർശത്തിന് കൂടുതൽ വായനക്കാരുണ്ടാകുന്നതു കൊണ്ട് മനപൂർവ്വം അവഗണിച്ചതുമാകാം. 

ചിലർ മാത്രമാണ് സംഭവത്തിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും അവിവാഹിതരായ അമ്മമാരെ കുറ്റകൃത്യത്തിലേക്ക് തള്ളിവിടുന്നതിൽ സമൂഹത്തിൻ്റെ പങ്കിനെക്കുറിച്ചുമെല്ലാം ചർച്ച ചെയ്തത്. അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഗർഭം മറച്ചുവെക്കേണ്ടി വരുന്നു. സുരക്ഷിതമായ ഗർഭഛിദ്രം നടത്താൻ കഴിയുമെങ്കിലും സഹായിക്കാൻ ആരുമില്ലാതെയാകുന്നതോടെയാണ് പല സ്ത്രീകൾക്കും ബാത്ത്റൂമുകളിൽ പ്രസവിക്കേണ്ടി വരുന്നത്. 

സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. എന്നാൽ അവർക്കുമേൽ അധികമായി ധാർമിക ഭാരം ചുമത്തപ്പെടുന്നു. സ്ത്രീത്വത്തിൻ്റെ ധാർമികത ആവർത്തിച്ച് വാർത്തയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നു.

ഗർഭഛിദ്രത്തിനോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടിനെ വിമർശിക്കുന്നതിൽ മാധ്യമങ്ങൾ പലപ്പോഴും നീതി പുലർത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സ്ത്രീകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്നതും യാഥാർത്ഥ്യമാണ്.   

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.