Fri. Nov 21st, 2025

ലക്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും ബിജെപി ഏറെ പ്രതീക്ഷയോടെ കണക്കാക്കുന്ന ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

‘മോദി ഇപ്പോൾ അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്. ഇന്ത്യ സഖ്യം തോൽപ്പിക്കുമെന്ന ഭയമാണ് മോദിക്ക്.’, രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത പത്ത് – പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ ഗാന്ധി ഇപ്പോൾ അദാനിയുടെയും അംബാനിയുടെയും പേരുകൾ പറഞ്ഞ് വിമർശിക്കുന്നില്ലെന്നും ഇരുവരും കോൺഗ്രസിന് പണം നൽകിയെന്നും കഴിഞ്ഞ ദിവസം തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു.