ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസിന് എത്ര പണം കിട്ടിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് മോദി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് അദാനി – അംബാനി വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്നും മോദി ചോദിച്ചു. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ ആരോപണം.
അദാനിയും അംബാനിയുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും മോദി കൂട്ടിച്ചേർത്തു.
‘രാഹുൽ ഗാന്ധി ആദ്യം അഞ്ച് വ്യവസായികളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ക്രമേണ അംബാനി – അദാനി എന്ന് പറയാന്‍ തുടങ്ങി. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് രാഹുൽ ഗാന്ധി നിർത്തിയിരിക്കുകയാണ്. അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസ് എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം.’ എന്ന് മോദി പറഞ്ഞു.
“നിങ്ങള്‍ അഞ്ച് വര്‍ഷം അവരെ ചീത്തവിളിക്കുന്നു. പിന്നെ ഉടനെ അത് നിര്‍ത്തുന്നു. എന്തോ കുഴപ്പമുണ്ട്.”, മോദി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ നിരന്തരം ഉന്നയിച്ചിരുന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു അംബാനിയും ആദാനിയുമായുള്ള സൗഹൃദം. എന്നാൽ ഇപ്പോൾ കോൺഗ്രസും രാഹുലും അംബാനിയെയും ആദാനിയെയും വിമർശിക്കുന്നത് അവസാനിപ്പിച്ചെന്നാണ് മോദി ആരോപിക്കുന്നത്.