Wed. Jan 22nd, 2025

ഭോപ്പാല്‍: കോൺഗ്രസിനെതിരെ വിദ്വേഷ പരാമര്‍ശം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തിരഞ്ഞെടുക്കുമെന്നാണ് മോദിയുടെ പുതിയ വിദ്വേഷ പരാമർശം.

ന്യൂനപക്ഷങ്ങൾക്ക് മുന്‍ഗണന നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ധാരില്‍ നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ പരാമർശം.

“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ വോട്ട് ജിഹാദ് വേണോ അതോ രാമരാജ്യം വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം.”, മോദി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദേശമെന്നും രാമക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനും കോൺ​ഗ്രസിന്റെ ശ്രമങ്ങളെ തടയാന്‍ തനിക്ക് 400 സീറ്റുകൾ നൽകണമെന്നും മോദി പറഞ്ഞു.

അതേസമയം, കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു. പാകിസ്താൻ നേതാക്കൾ കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണെന്നും ഇന്ത്യ മുന്നണി വോട്ട് ജിഹാദിനായി മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണെന്നും മോദി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും മോദി നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.