ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ആസ്ട്രസെനക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം.
കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്.
കോവിഡ് 19 നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള അപ്‌ഡേറ്റ് ചെയ്ത വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി പറയുന്നു.
കോവിഷീൽഡ് വാക്സിൻ അപൂർവ സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി യുകെ കോടതിയിൽ അറിയിച്ചിരുന്നു.
വാക്സിൻ എടുത്തവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ആസ്ട്രസെനക്കയ്ക്കെതിരെ നിരവധി കുടുംബങ്ങൾ കോടതിയിലും പോയിട്ടുണ്ട്.