കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി തോൽക്കുമെന്നും മോദി പറഞ്ഞു.
റായ്ബറേലിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പ്രതികരിക്കുകയായിരുന്നു മോദി. പശ്ചിമബംഗാളിലെ ബർദമാനിൽ തിരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് മോദി പരാമര്‍ശിച്ചത് .
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്നും മോദി കൂട്ടിച്ചേർത്തു. വയനാട് സീറ്റിൽ തോൽക്കുമെന്നതിനാൽ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് മുമ്പ് നടത്തിയ പ്രസ്താവനയും മോദി ചൂണ്ടിക്കാട്ടി.
“അവര്‍ എല്ലാവരോടും ഭയക്കരുത് എന്ന് പറയുന്നു. എനിക്ക് അവരോട് പറയാനുള്ളത് ഭയക്കരുത്, ഒളിച്ചോടരുത് എന്നാണ്.”, എന്ന് മോദി രാഹുലിനെ പരിഹസിച്ചു.
അതേസമയം, നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയിലാണ് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കിഷോരിലാല്‍ ശര്‍മയാണ് അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20 നാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം, 2019 ൽ വയനാടിന് പുറമെ അമേഠിയിൽ നിന്നാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. എന്നാൽ, ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു.