Fri. Dec 27th, 2024

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയെന്ന് സിബിഐ കുറ്റപത്രം. സംഭവം നടക്കുമ്പോൾ ഇരകൾ പോലീസിനോട് സഹായം തേടിയിട്ടും പോലീസ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കാട്ടിലൊളിച്ച കുടുംബത്തെ അക്രമി സംഘം വലിയ കോടാലികൾ ഉപയോഗിച്ച് പുറത്തെത്തിക്കുകയും സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിക്കുകയുമായിരുന്നു. കലാപകാരികള്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു.

രണ്ട് സ്ത്രീകളെ നഗ്നരാക്കി കലാപകാരികള്‍ റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇവര്‍ പോലീസ് വാഹനത്തില്‍ കയറി അഭയം തേടിയിരുന്നു.

എന്നാൽ പോലീസ് വാഹനത്തിനടുത്ത് എത്തിയ ഇരകളെ പോലീസ് സഹായിച്ചില്ല. വാഹനത്തിന്റെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പിന്നീട് പോലീസുകാർ അവിടെ നിന്നും കടന്ന് കളയുകയും അക്രമി സംഘം ഈ സ്ത്രീകളെ വീണ്ടും റോഡിലൂടെ നടത്തിക്കുകയായിരുന്നുവെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.