Wed. Jan 22nd, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, കെഎസ്ഇബിയുടെ ആവശ്യത്തിനോട് വൈദ്യുതി മന്ത്രി മറുപടി നൽകിയിട്ടില്ല.

പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെഎസ്ഇബി ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളിൽ ഓവർലോഡ് കാരണം പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. തുടർന്ന് ആളുകൾ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.

ഓവർലോഡ് വരുമ്പോൾ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

ഓവർലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചതായാണ് കെഎസ്ഇബിയുടെ കണക്ക്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. 11.31 കോടി യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്.