Sun. Sep 8th, 2024

പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം ആവശ്യപ്പെടുകയും ചെയ്തു.

ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളിലാണ് 60 വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തുടർന്ന് വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പോലീസ് സഹായം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന് ആയുധങ്ങള്‍ കൈമാറുന്നതും പിന്തുണയ്ക്കുന്ന നൽകുന്നതുമായ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

അതേസമയം, ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ നേരത്തെ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ യുഎസിലെ ക്യാമ്പസുകളിലുടനീളം 550 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍വാഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്ലി ഉള്‍പ്പടെ യുഎസിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.