കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗീയ കലാപങ്ങളൊന്നും ബിജെപി ഉണ്ടാക്കിയില്ലെങ്കിൽ പോലും വർഗീയ പ്രചാരണങ്ങൾ നടന്നിരുന്നു. ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ജില്ലകളിൽ മുസ്ലീം ജനസംഖ്യ സംസ്ഥാനത്തെ ജനസംഖ്യയേക്കാളും 20 ശതമാനം കൂടുതലാണ്. അവിടെയുള്ള ജനങ്ങൾക്കിടയിൽ മുസ്ലിം സമൂഹത്തോടുള്ള വെറുപ്പ് കുത്തിനിറക്കാൻ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മുസഫിർനഗർ കലാപത്തെ തുടർന്നുണ്ടായ ഹിന്ദു- മുസ്ലിം ചേരിതിരിവിൻ്റെ പശ്ചാത്തലത്തിലാണ് 2014 ലെ തിരഞ്ഞെടുപ്പ് നടന്നത്. സംഭവത്തിൽ സമാജ്‌വാദി പാർട്ടി മുസ്ലീങ്ങൾക്കൊപ്പമാണ് നിന്നതെന്ന ധാരണയുണ്ടാക്കി ഹിന്ദു- മുസ്ലിം വിദ്വേഷം വർദ്ധിപ്പിക്കുകയാണ് ബിജെപി ചെയ്തത്. 2019 ലെ പുൽവാമ ആക്രമണവും ബാലാകോട്ട് വ്യോമാക്രമണവും വർഗീയതയുടെ ആക്കം കൂട്ടാനായിട്ടാണ് ബിജെപി സർക്കാർ ഉപയോഗിച്ചത്. 2024ൽ രാമൻ്റെ പേരിൽ വോട്ട് നേടാനാണ് ബിജെപി ശ്രമിച്ചത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലുള്ള മുസ്ലീം ജനസംഖ്യയുടെ വർദ്ധനവ് രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി ചെയ്തത്. അഖിലേഷ് യാദവിൻ്റെ കാലത്ത് നിരവധി മുസ്ലിം ഗുണ്ടകളുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബിജെപി സർക്കാർ കൃത്യമായ ക്രമസമാധാനം നടപ്പാക്കിയതോടെ മുസ്ലിങ്ങളെ അടക്കി നിർത്താൻ അവർക്കായി എന്നും യുപിയിലെ പല ഹിന്ദുക്കളും അഭിപ്രായപ്പെടുന്നു.
ബിജെപി സർക്കാർ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധതികളിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് മുസ്ലീങ്ങൾക്കാണെന്നും ഉത്തർപ്രദേശിലെ ജനങ്ങൾ വിശ്വസിക്കുന്നു. സോത്തിഗഞ്ചിലെ ചോർ ബസാർ (വാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന പ്രവൃത്തി) ആദിത്യനാഥ് സർക്കാർ നിർത്തലാക്കിയത് മുസ്ലീങ്ങളുടെ അനധികൃത പ്രവൃത്തികൾ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും ആദിത്യനാഥ് സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്നും ഉത്തർപ്രദേശിലെ ജനങ്ങൾ പറയുന്നു. മുസ്ലീങ്ങളെ കുറ്റവാളികളായി ഉയർത്തിക്കാട്ടാൻ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന് കഴിഞ്ഞുവെന്നത് ഇതിലൂടെ വ്യക്തമാകുന്നു.
‘ഞങ്ങളിപ്പോൾ സുരക്ഷിതരാണ്. ഇവിടെ കൊള്ളയും കലാപവുമില്ല. വിലക്കയറ്റം എല്ലാ മേഖലയിലും സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇപ്പോൾ ഞങ്ങൾക്ക് ഭയം കൂടാതെ ഞങ്ങളുടെ പാടങ്ങളിലേക്ക് പോകാൻ കഴിയും ‘, പരമ്പരാഗതമായി നദീതീരങ്ങളിൽ താമസിക്കുന്ന ഒബിസി സമൂഹമായ കശ്യപിലെ ഒരു കർഷകൻ പറയുന്നതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു.തനിക്ക് മുൻപുണ്ടായിരുന്ന ഭയത്തിന് കാരണക്കാർ മുസ്ലീങ്ങളാണെന്നും കർഷകൻ കുറ്റപ്പെടുത്തുന്നുണ്ട്.
മാത്രമല്ല പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുടെ കീഴിൽ ഏറ്റവും പ്രയോജനം ലഭിക്കുന്നത് മുസ്ലീങ്ങൾക്കാണെന്നും അവർക്ക് സൗജന്യമായി അരി ലഭിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. ബിജെപി ഭരണത്തിൻ്റെ ഗുണമെന്താണ് എന്ന ചോദ്യത്തിന് ഞങ്ങൾ മുസ്ലീങ്ങളിൽ നിന്നും സുരക്ഷിതരാണ് എന്നാണ് കർഷകർ നൽകിയ മറുപടി.