Wed. Dec 18th, 2024

ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തു. സമ്പന്നയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തതെന്ന് കൊറിയക്കാരിയായ ജിയോങ് ജി-സൺ വെളിപ്പെടുത്തി.

‘മിസ്റ്റർ മസ്‌ക്’ ആണെന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പുകാർ ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ സമീപിച്ചത്. സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ജോലിക്കിടയിൽ എടുത്ത ചിത്രങ്ങൾ വ്യാജ മസ്ക് യുവതിയുമായി പങ്കുവെക്കുകയുണ്ടായി.

“ജൂലൈ 17 നാണ് മസ്ക് എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തത്. മസ്‌കിൻ്റെ ആത്മകഥ വായിച്ചതിനുശേഷം ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധികയിരുന്നു. എങ്കിലും, ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തന്റെ ഐഡി കാർഡും ജോലി സ്ഥലത്ത് നിൽക്കുന്ന ഫോട്ടോയും അയച്ചു തന്നു.”, യുവതി പറഞ്ഞു.

“മസ്‌ക് മക്കളെ കുറിച്ചും ടെസ്‌ലയിലോ സ്‌പേസ് എക്‌സിലോ പോകാനായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം സംസാരിച്ചു. അതുപോലെ തൻ്റെ ആരാധകരുമായി ഇടക്കൊക്കെ സംസാരിക്കാറുണ്ടെന്നും മസ്ക് പറഞ്ഞു.”, യുവതി കൂട്ടിച്ചേർത്തു.

എന്നാൽ സൈബർ കുറ്റവാളി മസ്‌കിൻ്റെ ഡീപ്ഫേക്ക് വീഡിയോ ഉപയോഗിച്ച് വീഡിയോ കോൾ ചെയ്തതോടെ ജിയോങ് ജി-സണിന്റെ സംശയം പൂർണമായും മാറുകയായിരുന്നു. വീഡിയോ കോളിലൂടെ മസ്ക് ഇഷ്ടമാണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.

പിന്നീട് തട്ടിപ്പുകാരൻ യുവതിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും പണം ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. “ഞാൻ കാരണം എൻ്റെ ആരാധകർ സമ്പന്നരാകുമ്പോൾ എനിക്ക് സന്തോഷമാകും.”, എന്നാണ് തട്ടിപ്പുകാരൻ പറഞ്ഞതെന്ന് യുവതി പറഞ്ഞു.

തുടർന്ന് യുവതി പണം നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച 42 ലക്ഷം രൂപയും യുവതിക്ക് നഷ്ടമായി.