Sat. Jan 18th, 2025

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മധ്യപ്രദേശ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിക്കാനെത്തിയത്.

മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ അക്ഷയ് കാന്തി ബാമിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എക്സില്‍ കുറിച്ചിരുന്നു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന പ്രസിഡൻ്റ് വിഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം ജിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”, എന്നാണ് അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രത്തോടൊപ്പം കൈലാഷ് വിജയവർഗിയ കുറിച്ചത്.

വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് അക്ഷയ് കാന്തി ബാം നാമനിർദേശ പത്രിക പിൻവലിച്ചത്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.

അതേസമയം, കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ പത്രിക തള്ളുകയും മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയുമായിരുന്നു. പത്രിക തള്ളിയതിന് പിന്നാലെ നിലേഷ് കുംഭാനിയെ കാണാതാവുകയും ചെയ്തു.

അതിനിടെ നിലേഷ് കുംഭാനി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും വന്നിരുന്നു.