Wed. Jan 22nd, 2025

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കണമെന്ന നോട്ടീസ് അയക്കൽ നിർത്തി വെച്ച് കെല്‍ട്രോണ്‍. നിയമലംഘനം ഇരട്ടിയായതിനെ തുടർന്നാണ് നോട്ടീസയക്കൽ നിർത്തിയത്. നോട്ടീസ് നിർത്തി വെച്ചെങ്കിലും എഐ ക്യാമറ പിഴ ചുമത്തുന്നത് തുടരുന്നുണ്ട്.

നിയമലംഘന കേസുകൾ 50 ലക്ഷമാണ് കവിഞ്ഞിരിക്കുന്നത്. ഒരു വർഷത്തേക്ക് 25 ലക്ഷം നോട്ടീസ് അയക്കാനുള്ള കരാറാണ് കെല്‍ട്രോണിന് നല്‍കിയിരുന്നത്.

ഒരു നോട്ടീസിന് അച്ചടിയും തപാല്‍ക്കൂലിയും കവറുമുള്‍പ്പെടെ 20 രൂപയാണ് പ്രതിഫലം ലഭിക്കുന്നത്. കൂടുതൽ തുക ആവശ്യപ്പെട്ടുകൊണ്ട് കെല്‍ട്രോണ്‍ മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

നോട്ടീസ് നിര്‍ത്തി വെച്ചതിനെ തുടർന്ന് ചുമത്തുന്ന പിഴയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നോട്ടീസ് അയയ്ക്കുമ്പോള്‍ 30 ശതമാനം പേരാണ് പിഴ അടച്ചിരുന്നത്.

ഇ-ചലാന്‍ വഴി പിഴ ചുമത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് അയക്കുമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് ഉടമകളെ വിവരം അറിയിക്കുക.

പിഴയടയ്ക്കാത്ത 15 ലക്ഷം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിനെ എന്തെങ്കിലും അപേക്ഷയുമായി സമീപിക്കുമ്പോഴാണ് ഈ വാഹനങ്ങളില്‍ നിന്ന്‌ പിഴ തുക ഈടാക്കുന്നത്.

ജൂണ്‍ മൂന്നിന് എഐ ക്യാമറ പദ്ധതി ഒരു വര്‍ഷം പിന്നിടും. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ്‌ ചുമത്തിയിട്ടുള്ളത്. ഇതില്‍ 64 കോടി രൂപയാണ് നിലവിൽ അടച്ചിട്ടുള്ളത്. 165 കോടിയാണ് ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെൽട്രോൺ ചെലവിട്ടത്.