Mon. Dec 23rd, 2024

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.

ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഒരു ഫലസ്തീനി വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. അതേസമയം, പുതിയ പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടുന്നുണ്ട്.

ബ്രൗണ്‍ സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), കാലിഫോര്‍ണിയ സ്‌റ്റേറ്റ് പോളിടെക്‌നിക്, മിഷിഗണ്‍ സര്‍വകലാശാല എന്നീ ക്യാമ്പസുകളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ഭീകരം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ജൂതവിരുദ്ധര്‍ സര്‍വകലാശാലകൾ കയ്യേറിയെന്നും നെതന്യാഹു ആരോപിച്ചു.