Sat. Jan 18th, 2025

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മീഷനോട് കൂടുതൽ വിശദീകരണം തേടി സുപ്രീം കോടതി. ഇന്ന് രണ്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിലെത്തി വിശദീകരണം നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിങ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യന്നുണ്ടോ? ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നീ വിഷയങ്ങളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ്‌ കോഡ് പരസ്യപ്പെടുത്തിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കേസിന്റെ വാദത്തിനിടയിൽ ഉദ്യോഗസ്ഥന്‍ വോട്ടിങ് മെഷീനിൻ്റെയും വിവിപാറ്റിൻ്റെയും പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞത്.