Mon. Dec 23rd, 2024

ന്യൂഡൽഹി: വിവിപാറ്റിൽ ഹാക്കിങിന് തെളിവുകളില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്നും സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു.

വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കേട്ട കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നൽകിയിരുന്നു.

ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും സ്വന്തമായ മൈക്രോ കണ്‍ട്രോളറുണ്ടെന്നും ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ സുരക്ഷിതമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് വ്യക്തമാക്കി.

മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നതെന്നും പോളിങ് പൂര്‍ത്തിയായ ശേഷം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളും സീല്‍ ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറുണ്ടോ എന്ന ചോദ്യത്തിനുള്ള വിശദീകരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിങ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യന്നുണ്ടോ? ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നീ വിഷയങ്ങളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നത്.