Wed. Jan 22nd, 2025

കൊച്ചി: വധശിക്ഷ വിധിയ്ക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താനാണ് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്.

നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് നിമിഷപ്രിയയെ അമ്മ കാണുന്നത്. കഴിഞ്ഞയാഴ്ചയാണ് അമ്മ പ്രേമകുമാരി യമനിലേക്ക് പോയത്. ഹൂതികൾക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നത്.

സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പമുണ്ട്. കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ പ്രേമകുമാരി നേരില്‍ കാണും. നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്കെതിരെയുള്ള കേസ്. 2017 ലാണ് കേസിനാസ്പദമായ സംഭവം.

നേരത്തെ മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയാണ് കഴിഞ്ഞ ഡിസംബറിൽ യാത്രയ്ക്ക് അനുമതി നൽകിയത്.