ഗാസ: ഗാസയിൽ കൂടുതൽ സൈനികരെയും സൈനിക വാഹനങ്ങളെയും അണിനിരത്തി ഇസ്രായേൽ. ഗാസയെ പൂർണമായി ആക്രമിക്കാനായി ഇസ്രായേൽ പുതിയ സൈനിക താവളം സജ്ജമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അൽജസീറയുടെ റിപ്പോർട്ട്.
രണ്ട് സൈനിക താവളങ്ങളിലായി 800 ലേറെ സൈനിക വാഹനങ്ങൾ നിലയുറപ്പിച്ചതായി അൽജസീറയുടെ റിപ്പോർട്ടിൽ പറയുന്നു. ഗാസ മുനമ്പിന്റെ അതിർത്തിയിൽ ഏകദേശം 120 വാഹനങ്ങളും നെഗേവ് മരുഭൂമിക്കരികിൽ 700 വാഹനങ്ങളുമാണ് ഉള്ളത്.
ഇസ്രായേൽ ഒൻപത് സൈനിക ഔട്ട്പോസ്റ്റുകൾ പ്രദേശത്തിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ മൂന്നെണ്ണവും ഈ വർഷം ജനുവരിക്കും മാർച്ചിനിടയിലുമായി ആറെണ്ണവുമാണ് സ്ഥാപിച്ചത്.
ഗാസയ്‌ക്കെതിരായ യുദ്ധം തുടരാൻ ഇസ്രായേൽ പദ്ധതിയിടുന്നതായാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം 35000 ഫലസ്തീനികളെയാണ് ഇസ്രായേൽ ഗാസയിൽ കൊന്നൊടുക്കിയത്. ഗാസയിൽ ഭൂരിഭാഗം ആളുകളെ മാറ്റി താമസിപ്പിക്കുകയും ജനസംഖ്യയുടെ 63% ആളുകളുടെ വീടുകൾ നശിപ്പിക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിൽ ഏകദേശം 1139 പേർ കൊല്ലപ്പെടുകയും 250 ബന്ദികളാക്കിയതായും ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.