Wed. Dec 18th, 2024

യുപിഎ സർക്കാർ ചർച്ച ചെയ്തതിലും ഉയർന്ന തുകക്കാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ബിജെപി സർക്കാർ ഒപ്പുവെച്ചത്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സർക്കാർ തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ രഹസ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ വില വെളിപ്പെടുത്താനാകില്ലെന്നാണ് ബിജെപി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഏകദേശം 60000 കോടി രൂപയാണ് വിമാനങ്ങളുടെ വിലയെന്ന് ഫ്രഞ്ച് നിർമാതക്കളായ ദസ്സാൾട്ട് പിന്നീട് അറിയിച്ചിരുന്നു

Highlights
മോദി സർക്കാരിനുകീഴിൽ നടന്ന അഴിമതികളെക്കുറിച്ച് കറപ്റ്റ് മോദി വെബ്സൈറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ തുടർച്ച

എംഐഡിസി ഭൂമിയിടപാട് – 2016

2016ലെ പൂനെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി റവന്യു മന്ത്രിയായിരുന്ന ഏക്നാഥ് ഖഡ്സെയുടെ മരുമകൻ ഗിരീഷ് ചൗധരിയെ 2021ൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ ഭോസാരിയിൽ മഹാരാഷ്ട്ര  ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന്  40 കോടി മൂല്യമുള്ള ഭൂമി ഖഡ്സയും ചൗധരിയും 3.75 കോടി രൂപക്ക് വാങ്ങിയിരുന്നു. ഗിരീഷ് ചൗധരിയുടെ പേരിലാണ് ഭൂമി വാങ്ങിയതെന്നും ഇടപാടിനുള്ള പണം അഞ്ച് ഷെൽ കമ്പനികൾ വഴി നൽകിയെന്നും ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

ഭൂമിയുടെ യഥാർത്ഥ  ഉടമയായ റസൂൽബായ് ഉകാനിയിൽ നിന്നും മഹാരാഷ്ട്ര  ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഏറ്റെടുത്ത ഭൂമിയാണ് ഏക്നാഥ് ഖഡ്സെ വാങ്ങിയത്. കേസിൽ ഖഡ്‌സെ, ഭാര്യ മന്ദാകിനി, ഗിരീഷ് ചൗധരി, അബ്ബാസ് ഉകാനി എന്നിവർക്കെതിരെ 2021ൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥർ നൽകിയ പരാതിയെ തുടർന്നാണ് ഇഡി കേസെടുത്തത്. 

എംപിപിഎസ്സി അഴിമതി – 2018

മധ്യപ്രദേശിൽ 2018ൽ നടന്ന മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ്ങ് ചൗഹാന്റെ വസതിക്കുമുന്നിൽ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിലെ വിവിധ തസ്തികകളിലേക്കുള്ള എംപിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ പ്രസിദ്ധീകരിച്ച മാതൃക ഉത്തരസൂചികയിൽ തെറ്റായ ഉത്തരങ്ങളാണ് നൽകിയിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മെമ്മോറാണ്ടം സമർപ്പിച്ചത്. 

തെറ്റായ ഉത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷൻ അനുമതി നൽകിയിരുന്നു. എന്നാൽ തെറ്റുത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കിയിരുന്നു. ഒരു തെറ്റിന് 100 രൂപ എന്ന നിരക്കിലായിരുന്നു പണം ഈടാക്കിയിരുന്നത്. 

ഖനന അഴിമതി – 2014 – 2015 

രാജസ്ഥാനിൽ  2014 നും 2015നുമിടയിൽ ഖനനത്തിനായി ഖനികൾ അനുവദിച്ചതിലൂടെ ഖജനാവിന് 45000 കോടിയുടെ നഷ്ടം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്തര രാജ വരുത്തിയിരുന്നു. ലേലത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് വസുന്തര രാജ കരാർ ഒപ്പുവെച്ചത് എന്നാണ് ആരോപണം. ഏകദേശം 22085.81 ഹെക്ടർ ഭൂമിയുള്ള 653 ഖനികൾ ലേലത്തിന് വെക്കാതെ ലൈസൻസും പാട്ടവും നൽകുകയായിരുന്നു.

വിജയ് മല്യയുടെ രക്ഷപ്പെടൽ – 2016

പൊതുമേഖല ബാങ്കുകളിൽ നിന്ന് 9000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കിങ്ഫിഷർ ഉടമ വിജയ് മല്യ 2016ൽ ഇന്ത്യ വിട്ടു. മല്യ ഇന്ത്യയില്‍ നിന്നും പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് മല്യയുടെ രക്ഷപ്പെടൽ. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഏകദേശം 7000 കോടി രൂപയോളം കടമെടുത്തിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, യുസിഒ ബാങ്ക്, ദേന ബാങ്ക് എന്നിവരില്‍ നിന്നും മല്യ പണം കടമെടുത്തിട്ടുണ്ട്.

മരുന്ന് വാങ്ങൽ അഴിമതി- 2015

ബിജെപി മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മരുന്നുകൾ വാങ്ങിയതിലും വിതരണം ചെയ്യുന്നതിലും ക്രമക്കേട് നടത്തിയതായി ആരോപണമുയർന്നിരുന്നു. 2015 മാർച്ച് 31ന് 297 കോടി രൂപയുടെ 549 മരുന്നുകൾ വാങ്ങാനുള്ള ടെൻഡറുകൾ തിടുക്കത്തിൽ നൽകിയെന്നായിരുന്നു ആരോപണം. അന്നത്തെ പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ദീപക് സാവന്തിൻ്റെ കീഴിലുള്ള പൊതുജനാരോഗ്യ വകുപ്പാണ് മരുന്നുകൾ വാങ്ങിയത്. 

എംസിഡി പെൻഷൻ അഴിമതി – 2016

ബിജെപി ഭരിച്ചിരുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷനുകൾ പെൻഷനായി പ്രതിവർഷം 244 കോടി രൂപ വരെ ചിലവഴിച്ചിരുന്നു. കേന്ദ്ര വിവരാവകാശ കമ്മിഷൻ്റെ ഉത്തരവിലാണ് തട്ടിപ്പ് പുറത്തായത്. നിയമവിരുദ്ധവും അർഹതയില്ലാത്തതുമായ പെൻഷൻ അപേക്ഷ അംഗീകരിച്ചതിന് ബിജെപി കൗൺസിലർ ശ്രീമതി ശോഭാ വിജേന്ദറിൻ്റെ പേരിലായിരുന്നു ഉത്തരവ്. ഫോമുകൾ പരിശോധിക്കാതെയാണ് പെൻഷൻ നൽകിയത്. മൂന്ന് സിവിക് ബോഡികളിലും പെൻഷൻ പദ്ധതികൾക്ക് വേണ്ടി പണം ചിലവാക്കിയതിനുള്ള രേഖകളില്ല. 

എംസിഐ അഴിമതി- 2017

വർക്കലയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) അംഗീകാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി കൊല്ലം ജില്ലയിലെ ബിജെപി നേതാവ് ഡൽഹിയിലെ വ്യവസായി സതീഷ് നായരിൽ നിന്ന് 5.60 കോടി രൂപ കൈക്കൂലി വാങ്ങിയിരുന്നു. 

എംസിഐ പരിശോധന നടന്നപ്പോൾ എസ്ആർ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ ഷാജിയാണ് എംസിഐ അധികൃതരുടെ പക്കൽ പണം എത്തിയില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ആർ ഷാജി നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. 

നർമദ പ്ലാൻ്റേഷൻ അഴിമതി – 2017 

2017 ജൂലൈ 2 ന് മധ്യപ്രദേശിൽ ശിവരാജ് സിംഗ് സർക്കാർ ഒരു ദിവസം കൊണ്ട് നർമ്മദ നദിയുടെ തീരത്ത് ആറ് കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി ഏറ്റെടുത്തു. വൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കുന്നതിനായി 102 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഔദ്യോഗിക വിലയിരുത്തലുകൾ നടത്താതെ തിടുക്കത്തിലുള്ള വിത്ത് നടീലിൽ ഒരു കോടി വൃക്ഷത്തൈകൾ പോലും നിലനിന്നിട്ടില്ലെന്ന് തോട്ടത്തിലെ ഓഡിറ്റ് തെളിയിക്കുന്നതായി ആക്ടിവിസ്റ്റ് വിനായക് പരിഹാർ ആരോപിച്ചിരുന്നു. ഗിന്നസ് റെക്കോർഡ് നേടാൻ വേണ്ടിയാണ് ശിവരാജ് സിംഗ് സർക്കാർ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിക്കുന്നത്. 

നീരവ് മോദി അഴിമതി – 2016

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു നീരവ് മോദി നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് രത്നവ്യാപാരി നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. മോദിയെക്കൂടാതെ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്സിയും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് 2016ൽ തന്നെ പിഎംഒ, സെബി, ഇഡി, സിബിഐ എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. 

2018 ജനുവരി 23 ന് ദാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നീരവ് മോദി ഒരു വേദി പങ്കിട്ടിരുന്നു.

നോർത്ത് കച്ചാർ ഹിൽസ് അഴിമതി – 2017

അസമിൽ സർക്കാർ ഫണ്ടിൽ നിന്ന് 1000 കോടിയോളം രൂപ തട്ടിയെടുത്ത് നോർത്ത് കച്ചാർ ഹിൽസ് ജില്ലയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസിൽ 2017ൽ ബിജെപി നേതാക്കളായ ജുവൽ ഗാർലോസ, നിരഞ്ജൻ ഹോജായി എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. പിരിച്ചുവിട്ട തീവ്രവാദി സംഘടനയായ ദിമ ഹലം ദൗഗയുടെ നേതാക്കൾ കൂടിയായിരുന്നു ശിക്ഷിക്കപ്പെട്ടവർ.  ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനാണ് പണം ഉപയോഗിച്ചത്.

എൻയുഎൽഎം അഴിമതി – 2015 

നഗരങ്ങളിലെ ഭവനരഹിതരായ ഒൻപത് ലക്ഷം പേർക്ക് ദേശീയ ഭവന ഉപജീവന ദൗത്യത്തിന് കീഴിൽ വീടുകൾ നിർമിക്കാൻ സംസ്ഥാനങ്ങൾക്ക് 1078 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ 208 വീടുകൾ മാത്രമാണ് നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മഹാരാഷ്ട്ര സർക്കാരിന് 170 കോടിയാണ് ഭവന നിർമാണത്തിനായി നൽകിയിരുന്നത്. എന്നാൽ ഒരു വീട് പോലും നിർമിച്ചില്ല. ഉത്തർപ്രദേശ് സർക്കാരിന് 180 കോടി നൽകിയിരുന്നു. എന്നാൽ 37 വീടുകൾ മാത്രമാണ് നിർമിച്ചു നൽകിയത്. 

വലിയൊരു അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അനുവദിച്ച പണം എവിടെ പോയി എന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. 

ഒഎൻജിസി അഴിമതി – 2018

2018ൽ ഡീപ് ഇൻഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിക്ക് 312 കോടി രൂപയുടെ ഗ്യാസ് ഡീഹൈഡ്രേഷൻ യൂണിറ്റ് (ജിഡിയു) കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെ (ഒഎൻജിസി) 13 ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തിരുന്നു.  ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി പ്ലാൻ്റിന് ഗ്യാസ് ഡീഹൈഡ്രേഷൻ യൂണിറ്റുകൾ വിതരണം ചെയ്യാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചത് 80 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. കരാർ നിർദേശങ്ങൾ അവഗണിച്ച് കരാർ നൽകാൻ ഉന്നത ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തതായാണ് ആരോപണം.

പെട്രോൾ പമ്പ് അഴിമതി – 2018 

ഹർദോയിയിലെ പെട്രോൾ പമ്പിലേക്കുള്ള റോഡ് വീതികൂട്ടാൻ യുപി മുഖ്യമന്ത്രി ആദിത്യനാഥിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ശശി പ്രകാശ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു.  പെട്രോൾ പമ്പിനായി സ്ഥലത്തെ ബന്ധിപ്പിക്കുന്ന റോഡിന് വീതി കുറവായതിനാൽ റോഡ് വീതികൂട്ടാനായിരുന്നു പണം ആവശ്യപ്പെട്ടത്. 

പിഡിഎസ് അഴിമതി – 2015

പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴിയുള്ള അരി വിതരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങ് അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. 36000 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. മിൽ ഉടമകളും പിഡിഎസ് ഉദ്യോഗസ്ഥരും ചേർന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് ഗുണനിലവാരമില്ലാത്ത അരി നൽകുകയും സംസ്ഥാന ഖജനാവിൽ നിന്ന് പണം തട്ടുകയും ചെയ്തു. 

ഛത്തീസ്ഗഡിലെ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ 36 ഓഫീസുകളിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ അഴിമതിയിൽ സർക്കാരിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെടുത്തിരുന്നു.

ഫ്ലാഷ്‌നെറ്റ് അഴിമതി – 2018

പീയുഷ് ഗോയല്‍ ഊര്‍ജമന്ത്രിയായിരിക്കെ ഫ്ലാഷ്‌നെറ്റ് ഇൻഫോ സൊല്യൂഷൻസ് ലിമിറ്റഡ് കമ്പനിയുടെ ഓഹരികൾ മുഖവിലയേക്കാൾ 1000 മടങ്ങ് ഉയർന്ന വിലക്ക് പിരാമൽ ഗ്രൂപ്പിന് വിറ്റിരുന്നു. ഓഹരി വിറ്റശേഷം അക്കാര്യം രാജ്യസഭയ്ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ നിന്ന് മറച്ചുവെച്ചു.48 കോടിയുടെ അഴിമതിയാണ് പീയുഷ് ഗോയല്‍ നടത്തിയത്. 

പിയൂഷ് ഗോയൽ – ഷിർദി ഇൻഡസ്ട്രീസ് അഴിമതി – 2018

കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിൻ്റെ ഭാര്യ സീമയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി 10 വർഷത്തിനിടെ പെയ്ഡ് അപ് മൂലധനത്തേക്കാൾ 3,000 മടങ്ങ് ലാഭം നേടിയിരുന്നു. ഒരു ലക്ഷം മാത്രം പെയ്ഡ് അപ് മൂലധനമുള്ള കമ്പനിക്ക് 30 കോടിയാണ് ലാഭമായി ലഭിച്ചത്.  2007-08, 2008-09, 2014-15, 2015-16, 2016-17  സാമ്പത്തിക വർഷത്തിലെ ഇൻ്റർകോം അഡ്വൈസേഴ്സ് കമ്പനിയുടെ വരുമാനത്തിൻ്റെ ഉറവിടത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ  9999 ഓഹരികളും സീമ ഗോയലിൻ്റെ പേരിലും ഒരു ഓഹരി മകൻ ധ്രുവ് ഗോയലിൻ്റെ പേരിലുമാണ്. 

ബാങ്കുകളുടെ കൺസോർഷ്യത്തിന് 650 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ ഷിർദി ഇൻഡസ്ട്രീസ് ലിമിറ്റഡിലെ രാകേഷ് അഗർവാളുമായും മുകേഷ് ബൻസാലുമായും ഗോയലിന് അടുത്ത ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്. 

ചോദ്യപേപ്പർ ചോർച്ച അഴിമതി -2017

2017ൽ ഉത്തർപ്രദേശിൽ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവലിൻ്റെ (സിജിഎൽ) എസ്എസ്‌സി ചോദ്യപേപ്പറും ഉത്തരസൂചികയും ചോർന്നിരുന്നു. ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ റിക്രൂട്ട്മെൻ്റ് റാക്കറ്റാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. 

റഫാൽ അഴിമതി – 2021 

യുപിഎ സർക്കാർ ചർച്ച ചെയ്തതിലും ഉയർന്ന തുകക്കാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ബിജെപി സർക്കാർ ഒപ്പുവെച്ചത്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സർക്കാർ തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ രഹസ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ വില വെളിപ്പെടുത്താനാകില്ലെന്നാണ് ബിജെപി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഏകദേശം 60000 കോടി രൂപയാണ് വിമാനങ്ങളുടെ വിലയെന്ന് ഫ്രെഞ്ച് നിർമാതക്കളായ ദസ്സാൾട്ട് പിന്നീട് അറിയിച്ചിരുന്നു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. 

സ്മൃതി ഇറാനി എംപിഎൽഎഡി അഴിമതി – 2019

2019ൽ എംപിഎൽഎഡി പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ടിൽ അന്നത്തെ കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി അഴിമതി നടത്തിയതായി സിഎജി കണ്ടെത്തിയിരുന്നു. എംപിഎൽഎഡിയിൽ നിന്നും ലഭിച്ച 5.93 കോടി രൂപ ബിജെപി അംഗങ്ങളുടെ സഹകരണ സംഘത്തിന് നൽകി. മാത്രമല്ല തങ്ങളുടെ അടുപ്പക്കാരെ കരാർ ജോലികൾ ഏൽപ്പിക്കാൻ സ്മൃതി ഇറാനിയും സ്റ്റാഫും നിർബന്ധിച്ചതായും ആരോപണങ്ങളുണ്ട്.  എംപിഎൽഎഡി പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന 50 ലക്ഷം രൂപയിൽ കൂടുതലുള്ള കരാറുകൾ ഒരു ഗ്രൂപ്പിന് മാത്രമായി നൽകരുതെന്നാണ് നിയമം. എന്നാൽ നിരവധി തവണ തൻ്റെ പരിചയക്കാരായ കോർപറേറ്റുകൾക്ക് സ്മൃതി ഇറാനി കരാർ നൽകിയിട്ടുണ്ടെന്നാണ് ആരോപണം.

സ്പെക്ട്രം അഴിമതി – 2016

മോദി സർക്കാർ ഭരണത്തിലേറിയ ശേഷം കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന സ്പെക്ട്രം മാനേജ്മെൻ്റിൽ 69,381 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 2016ൽ സ്വകാര്യ ടെലികോം കമ്പനികൾ നൽകേണ്ട ചാർജുകളിൽ കാലതാമസം വരുത്തുകയും പിന്നീട് അവ ഒഴിവാക്കുകയും ചെയ്തതിലൂടെ 45,000 കോടിയുടെ നഷ്ടമാണുണ്ടായത്. 2017ൽ സ്പെക്ട്രം ലേലത്തിൽ നിന്ന് 23,821 കോടിയുടെ നഷ്ടം സംഭവിച്ചു. 2018-ൽ ഒരു ടെലികോം ഓപ്പറേറ്റർക്ക് മൈക്രോവേവ് സ്പെക്‌ട്രം അനുവദിച്ചതിലൂടെ സർക്കാരിന് വീണ്ടും 560 കോടി രൂപയുടെ നഷ്ടമുണ്ടായി.

സ്കിൽ ഇന്ത്യ അഴിമതി – 2015 

2022 ഓടെ 400 മില്ല്യൺ ആളുകളുടെ നൈപുണ്യ വികസനം ലക്ഷ്യം വെച്ച് 2015 ലാണ് മോദി സർക്കാർ സ്കിൽ ഇന്ത്യ പദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാരിനായില്ല. 

2017 മെയില്‍ പുറത്തു വന്ന ശാര്‍ദ പ്രസാദ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ആദ്യ പടിയായി 1,500 കോടി രൂപ മുതല്‍ മുടക്കി 18 ലക്ഷം ആളുകളെ പരിശീലിപ്പിക്കുന്ന പരിപാടി നടത്തി. എന്നാല്‍ ജോലി ലഭ്യതയുടെ കാര്യത്തില്‍ പദ്ധതി പൂര്‍ണ്ണ പരാജയമായിരുന്നു. വിവിധ വിഭാഗങ്ങളും സ്ഥാപനങ്ങളും ഒരുപോലെ ഇതില്‍ പങ്കാളികളാണെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ടർ അഴിമതി – 2015

2015ൽ മഹാരാഷ്ട്രയിൽ പയറുവർഗ അഴിമതി നടത്തിയതിൽ അന്നത്തെ  ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന  ഗിരീഷ് ബാപതിന് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. 2015ൽ പയറുവർഗങ്ങളുടെ വില 90 രൂപയിൽ നിന്നും 200 രൂപയായി ഉയർന്നിരുന്നു. അവശ്യസാധന നിയമ പ്രകാരമുള്ള നടപടികളൊന്നും തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൈക്കൊണ്ടിരുന്നില്ല. വിലക്കയറ്റത്തിലൂടെ 4000 കോടിയുടെ ലാഭമാണ് വ്യാപാരികൾക്കുണ്ടായത്.

ടേക് ഹോം റേഷൻ അഴിമതി – 2016

ഡേകെയർ സെൻ്ററുകളിലും അങ്കണവാടികളിലും സപ്ലിമെൻ്ററി പോഷകാഹാരമായി ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) വിതരണം ചെയ്യുന്നതിനായി 2016ൽ മഹാരാഷ്ട്ര വനിതാ ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച 6,300 കോടി രൂപയുടെ ടെൻഡറുകൾ 2019ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  വൻകിട വ്യവസായികൾക്ക് ലാഭമുണ്ടാക്കുന്ന തരത്തിലുള്ളതാണ് ടെൻഡർ എന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റദ്ദാക്കൽ. ബിജെപി മന്ത്രി പങ്കജ മുണ്ടെയുടെ നേതൃത്വത്തിലുള്ള വനിതാ ശിശുവികസന വകുപ്പാണ് 6,300 കോടി രൂപയുടെ ടെൻഡറുകൾ നൽകിയത്. 

ഉജ്ജയിൻ സിംഹസ്ത കുംഭമേള – 2016

2016ൽ മധ്യപ്രദേശിൽ ഉജ്ജയിൻ സിംഹസ്ത കുംഭമേള സംഘടിപ്പിച്ചതിൽ ശിവരാജ് സിങ്ങ് ചൗഹാന്‍ സർക്കാർ കോടികളുടെ അഴിമതി നടത്തിയതായി തെളിഞ്ഞിരുന്നു. കുംഭമേള സംഘടിപ്പിച്ചതിൻ്റെ ചിലവിനെക്കുറിച്ച് പല കണക്കുകളാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ സർക്കാർ പറഞ്ഞത്. 

4471 കോടി രൂപയാണ് കുംഭമേക്കായി ചിലവായതെന്നാണ് ആദ്യം ശിവരാജ് സിങ്ങ് ചൗഹാന്‍ സർക്കാർ പറഞ്ഞത്. പിന്നീട് അസംബ്ലിയുടെ മൺസൂൺ സെഷനിൽ കുംഭമേക്കായി 2000 കോടി രൂപ ചിലവായതായി അറിയിച്ചു. 2016ലെ സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക സന്ദേശത്തിൽ 3377 കോടിയാണ് കുംഭമേക്കായി സർക്കാർ ചിലവാക്കിയതെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞിരുന്നു. കൂടാതെ മേളക്കായുള്ള സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വാട്ടർ ബോർഡ് അഴിമതി – 2017

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നിർദ്ദേശിച്ച അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗുജറാത്ത് സർക്കാർ സ്ഥാപനമായ ഗുജറാത്ത് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് അതിൻ്റെ ചിലവുകൾ പട്ടികപ്പെടുത്തിയതെന്നും ഇതിലൂടെ 340 കോടിയുടെ അഴിമതിയാണ് ബിജെപി സർക്കാർ നടത്തിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. ജലബോർഡിൻ്റെ വാർഷിക കണക്കും ഓഡിറ്റർ റിപ്പോർട്ടും (2017-18) ചൂണ്ടിക്കാട്ടി  മുൻ മുഖ്യമന്ത്രി സുരേഷ് മേത്തയാണ് അഴിമതിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. 

പിഡബ്ലുഡി അഴിമതി -2019

മധ്യപ്രദേശിൽ ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിന് കീഴിൽ കൊണ്ടുവന്ന വിവിധ പദ്ധതികളിൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി സിഎജി റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ വ്യവസ്ഥകൾ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ലംഘിച്ചിരുന്നു. സർവേയോ അന്വേഷണമോ നടത്താതെ സാങ്കേതിക വിഹിതം നൽകിയതിലൂടെ പൊതുഖജനാവിന് 8017 കോടിയുടെ നഷ്ടമുണ്ടാക്കി. 

എക്സ് റേ ടെക്നീഷ്യൻ അഴിമതി – 2015 

2015ൽ ഛത്തീസ്ഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻ്റ് റിസർച്ചിലെ ടെക്നീഷ്യൻ തസ്തികകളിലേക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പണം നൽകിയാൽ ജോലി നൽകാമെന്നറിയിച്ച് ഫോൺ കോളുകൾ വന്നിരുന്നു. ഓരോ വിദ്യാർത്ഥിയോടും രണ്ട് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. പ്രവേശന പരീക്ഷ വിജയിച്ച് ഇൻ്റർവ്യൂവിനായി തിരഞ്ഞെടുത്തവർക്കായിരുന്നു ജോലി വാഗ്ദാനം നൽകിയിരുന്നത്. കൈക്കൂലി നൽകിയിട്ടും അന്തിമ പട്ടികയിൽ ചില ഉദ്യോഗാർത്ഥികളുടെ പേര് വരാതായപ്പോഴാണ് സംഭവം പുറത്തുവരുന്നത്. 

യെഡ്ഡി ഡയറീസ്- 2019

ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ എഴുതിയ ഡയറി ഐടി വകുപ്പിന്റെ കൈവശമുണ്ടെന്ന് ദി കാരവന്‍ 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നല്‍കിയ വിവരങ്ങള്‍ ആയിരുന്നു ഡയറിയില്‍ ഉണ്ടായിരുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റി, മുതിര്‍ന്ന ദേശീയ നേതാക്കള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് കോഴ നല്‍കിയ വിവരങ്ങളായിരുന്നു ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്.

2017 ലാണ് യെദ്യൂരപ്പ കൈക്കൂലി കൊടുക്കുന്നത്. അന്നുമുതല്‍ ഐടി വകുപ്പിന്റെ കൈയ്യില്‍ ഈ ഡയറി ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡയറിയിലെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ഇഡിയ്ക്ക് സാധിക്കുമോ എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന അരുണ്‍ ജെയ്റ്റ്ലിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡയറിയില്‍ തന്റെ കൂടി പേരുള്ളത് കൊണ്ട് ജയ്റ്റ്ലി പരാതി അവഗണിക്കുകയും നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ബിജെപി കേന്ദ്ര കമ്മിറ്റിയ്ക്ക് 1000 കോടി, അരുണ്‍ ജെയ്റ്റ്ലിയ്ക്ക് 150 കോടി, നിതിന്‍ ഗഡ്കരിയ്ക്ക് 150 കോടി, ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് പാരിതോഷികമെന്ന നിലയില്‍ 10 കോടി, രാജ്നാഥ് സിങ്ങിന് 100 കോടി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി വീതം, യെദ്യൂരപ്പ പ്രതിയായിരുന്ന അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്ത ജഡ്ജിമാര്‍ക്ക് 200 കോടി, ഹാജരായ അഭിഭാഷകര്‍ക്ക് പ്രതിഫലമായി 50 കോടി എന്നിങ്ങനെയാണ് നല്‍കിയതെന്ന് ഡയറിയില്‍ പറയുന്നു.

സുബിന്‍ ഇറാനി ഭൂമി കുംഭകോണം- 2017

2017 ലാണ് മധ്യപ്രദേശിലെ ഉമരിയ ജില്ലയില്‍ ഒരു സ്‌കൂളിന്റെ ഭൂമി സ്വകാര്യ കമ്പനി കൈയേറിയതായി പരാതി ഉയരുന്നത്. ബിജെപി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനി ഷെയര്‍ഹോള്‍ഡറായ കമ്പനിയായിരുന്നു കയ്യേറ്റക്കാര്‍. അനധികൃത ഭൂമി കൈയേറ്റത്തെ കുറിച്ച് സ്‌കൂള്‍ പ്രധാനാധ്യപകന്‍ ജാനകി പ്രസാദ് തിവാരി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിന് സമീപമുള്ള കുച്ച്വാഹി ഗ്രാമത്തിലാണ് കയ്യേറ്റം നടന്നത്. സംഭവത്തില്‍ ഉമരിയ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹസാരി ബാനി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ ഭൂമി പിന്നീട് ജയ്കരണ്‍ ബാനി എന്ന പേരില്‍ കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് റാംസുമര്‍ ശുക്ല എന്നയാള്‍ വ്യാജരേഖ ചമച്ച് ഈ ഭൂമി വാങ്ങി. പിന്നീടാണ് സുബിന്‍ ഇറാനിയുടെ ഗ്രൂപ്പിന് വിറ്റത്. ഭൂമി അതിര് കെട്ടി തിരിക്കുമ്പോഴാണ് സ്‌കൂളിന്റെ ഭൂമി കൂടി കയ്യേറിയത്.

FAQs

എന്താണ് കുംഭമേള?

ഇന്ത്യയിലെ മധ്യപ്രദേശിലെ ഉജ്ജയിൻ നഗരത്തിൽ 12 വർഷം കൂടുമ്പോൾ നടക്കുന്ന ഒരു ഹിന്ദു മത മേളയാണ് ഉജ്ജയിൻ സിംഹസ്ത കുംഭമേള. ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മതയോഗങ്ങളിൽ ഒന്നാണ്. അലഹബാദ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നീ നാല് നഗരങ്ങളിൽ 12 വർഷത്തിലൊരിക്കൽ കുംഭമേള സംഘടിപ്പിക്കാറുണ്ട്.

എന്താണ് പെയ്ഡ് അപ് ക്യാപിറ്റൽ?

സ്റ്റോക്കിൻ്റെ ഓഹരികൾക്ക് പകരമായി ഒരു കമ്പനിക്ക് ഓഹരി ഉടമകളിൽ നിന്ന് ലഭിച്ച പണമാണ് പെയ്ഡ് ്അപ് ക്യാപിറ്റൽ.

ആരാണ് ആദിത്യനാഥ്?

2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന ഹൈന്ദവ സന്യാസിയും മുതിർന്ന ബിജെപി നേതാവുമാണ് ആദിത്യനാഥ്.

Quotes

സുതാര്യതയുടെ അഭാവം അവിശ്വാസത്തിലും ആഴത്തിലുള്ള അരക്ഷിതാവസ്ഥയിലും കലാശിക്കുന്നു- ദലൈലാമ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.