Wed. Jan 22nd, 2025

ന്യൂഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കമ്മീഷൻ വേഗത്തിൽ നടപടി സ്വീകരിക്കുന്നതായും കോൺഗ്രസ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയടക്കം നൽകിയ പരാതികളിൽ മറുപടി പോലും കിട്ടുന്നില്ലെന്ന് കോൺഗ്രസ് പറയുന്നു.

രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് കോൺഗ്രസ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ പ്രാഥമിക നടപടി പോലും ഉണ്ടായിട്ടില്ല.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോൺഗ്രസ് കമ്മീഷന് 16 പരാതികളാണ് നൽകിയത്.

പ്രധാനമന്ത്രി രാജസ്ഥാനിൽ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം, രാമക്ഷേത്രവും അവിടത്തെ പ്രതിഷ്ഠയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിക്കുന്നത്, അസമിലെ ബിജെപി സ്ഥാനാർത്ഥി തപൻകുമാർ ഗൊഗോയ് വോട്ടർമാർക്ക് പണം നൽകിയത്, പെരുമാറ്റച്ചട്ടം നിലനിൽക്കെ യുജിസിയിൽ നടത്തിയ നിയമനങ്ങൾ, കാസർഗോഡ് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്, ചില ദേശീയ വാർത്താ ചാനലുകൾ മതം അടിസ്ഥാനമാക്കി രാഷ്ട്രീയ വിശകലനം നടത്തുന്നത്, മണിപ്പൂരിൽ കൂടുതൽ ബൂത്തുകളിലെ റീപോൾ വേണമെന്ന ആവശ്യം, സൈനിക ചിഹ്നങ്ങളും മറ്റും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്, ദൂരദർശൻ ന്യൂസ് ചാനലിന്റെ ലോഗോയുടെ നിറം കാവിയാക്കിയത് തുടങ്ങിയവ കമ്മീഷന് നൽകിയ പരാതികളിൽ ഉൾപ്പെടുന്നു. എന്നാൽ ഈ പരാതികളിലൊന്നും കമ്മീഷൻ നടപടി സ്വീകരിച്ചിട്ടില്ല.

അതേസമയം, കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ രണ്ട് ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് കമ്മീഷൻ വിലക്കിയിരുന്നു.