Mon. Dec 23rd, 2024

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ബിഷപ്പ് അറിയിച്ചത്.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആർസിഎ അക്കൗണ്ടുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചത്. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പോലും സഭയുടെ കൈവശമില്ലെന്നാണ് വിമർശനം. കൂടുതൽ സാമ്പത്തിക സഹായം വിശ്വാസികൾ പള്ളികളിൽ നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ സംസ്ഥാന പോലീസിന്റെ റിപ്പോർട്ടും കാരണമായിട്ടുണ്ടെന്ന് ലത്തീൻ അതിരൂപത സർക്കുലറിൽ പറയുന്നു.

വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായങ്ങളാണ് വൈദിക വിദ്യാർത്ഥികളുടെ പഠനം, പ്രായമായ പുരോഹിതരുടെ ചികിത്സ അടക്കമുള്ള ആവശ്യങ്ങൾക്ക് സഭ ഉപയോഗിക്കുന്നത്.

നല്ലിടയൻ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സർക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.