റഫ: ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്‌സില്‍ 180 മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍ ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
ഏപ്രില്‍ ഏഴിനാണ് ഇസ്രായേല്‍ സൈന്യം ഈ പ്രദേശത്ത് നിന്ന് പിന്‍മാറിയത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വരും ദിവസങ്ങളിൽ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് ഫലസ്തീന്‍ എമര്‍ജന്‍സി സര്‍വീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ആറ് മാസത്തോളം ഖാന്‍ യൂനിസ് നഗരത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഖാന്‍ യൂനിസ് നഗരത്തില്‍ നിന്ന് 500 ഓളം ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 34097 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 76980 പേർക്ക് പരിക്കേറ്റു.