Fri. Nov 22nd, 2024

 

ടെഹ്റാന്‍: ഇറാന്റെ വടക്കന്‍ നഗരമായ ഇസ്ഫഹനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

റെവലൂഷണറി ഗാര്‍ഡുമായി അടുത്തുനില്‍ക്കുന്ന തസ്‌നിം വാര്‍ത്ത ഏജന്‍സി സ്‌ഫോടനം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹന്‍ നഗരം.

ഇറാനിലെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രയോഗക്ഷമമാക്കിയതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേല്‍ മറുപടി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ ഇസ്രായേലില്‍ ഡ്രോണാക്രമണം നടത്തിയത്.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുളള ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.