കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ – സീത സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് ബംഗാൾ സർക്കാർ. അക്ബറിന് സൂരജ്, സീതയ്ക്ക് തനായ എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ നിർദേശിച്ചിരിക്കുന്ന പേരുകൾ.
കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശ കൈമാറി. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നും അറിയപ്പെടും.
സിംഹങ്ങൾക്ക് അക്ബര്‍, സീത എന്നീ പേരുകൾ ഇട്ടതും അവരെ ഒരുമിച്ച് താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെയും തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വിവാദമായ പേരുകള്‍ മാറ്റാൻ കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ പുതിയ പേരുകള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.