Wed. Jan 22nd, 2025

ഹൈദരാബാദ്: തെലങ്കാനയിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ് പ്രവർത്തകരുടെ ആക്രമണം. അക്രമികൾ മദര്‍ തെരേസയുടെ പ്രതിമ അടിച്ച് തകര്‍ത്തു. ലക്സേറ്റിപേട്ടിലാണ് സംഭവം.

സ്‌കൂൾ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ച് കുറച്ച് വിദ്യാർത്ഥികൾ വന്നിരുന്നു. ഇത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

മതപരമായ വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികൾ സംഘം ചേർന്ന് സ്കൂളിലെത്തി അക്രമം നടത്തിയത്.

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് നൂറോളം പേർ അതിക്രമിച്ച് കയറുകയായിരുന്നു. മദർ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു.

സ്‌കൂൾ മാനേജരെ കൊണ്ട് അക്രമികൾ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. അക്രമികൾ കെട്ടിടത്തിന്റെ മുകളില്‍ കാവി കൊടികള്‍ കെട്ടി. ആക്രമണത്തില്‍ മലയാളി വൈദികന് മര്‍ദ്ദനമേറ്റു.

അധികൃതരുടെ പരാതിയില്‍ സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്തു.

ഹനുമാൻ സാമീസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.