റായ്പൂർ: ചത്തീസ്ഗഡിൽ ചൊവ്വാഴ്ച സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ കാങ്കർ ജില്ലയിലാണ് സംഭവം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ ഏറ്റുമുട്ടൽ ഏറ്റവും വലിയ ഓപ്പറേഷനായാണ് കണക്കാക്കുന്നത്.
മാവോയിസ്‌റ്റ് കേഡറിൽ ചാരപ്പണി നടത്തിയിരുന്നയാൾ മാവോയിസ്‌റ്റുകളുടെ നീക്കങ്ങൾ തുടർച്ചയായി ഏകദേശം രണ്ട് മാസത്തോളം നൽകിയിരുന്നുവെന്ന് ഓപ്പറേഷന്റെ ഭാഗമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“കങ്കേറിലെ ബിനഗുണ്ട, കൊറേനാർ ഗ്രാമങ്ങളിലെ ഹപൊതല വനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുടെ നീക്കത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. പ്രദേശത്ത് അവരുടെ നീക്കങ്ങൾ തടസ്സപ്പെടുത്തുന്നതിനായി ഞങ്ങൾ പദ്ധതിയിട്ടു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെയും ജില്ലാ റിസർവ് ഗാർഡിലെയും കമാൻഡോകൾ അടക്കം 200 പേർ ടീമിൽ ചേർന്നു.”, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാവോയിസ്‌റ്റുകളുടെ ആദ്യ ആക്രമണം സുരക്ഷാസേന നേരിടുകയും തിരിച്ചടിക്കുകയും ചെയ്തത്.