Wed. Dec 18th, 2024

അമാനുഷിക ശക്തി ലഭിക്കാൻ നവജാത ശിശുവിനെ ദിവസങ്ങളോളം വെയിലത്ത് കിടത്തിയ വ്ലോഗർക്ക് എട്ട് വർഷം ജയില്‍ ശിക്ഷ. റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിയാണ് മുലപ്പാലും ഭക്ഷണവും നൽകാതെ ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെയിലത്ത് കിടത്തിയത്. കോസ്മോസ് എന്നായിരുന്നു കുഞ്ഞിന്റെ പേര്.

പോഷഹാകാരക്കുറവും ന്യൂമോണിയയും ബാധിച്ച് കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ പോകാന്‍ പോലും മാക്സിം ല്യൂട്ടി അനുവദിക്കാത്തതിനാല്‍ പങ്കാളിയായ ഒക്സാന മിറോനോവ വീട്ടിൽ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍.

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും മാക്സിം അനുവദിച്ചില്ലെന്നും കുഞ്ഞിന്റെ വിശപ്പിനുള്ളത് സൂര്യന്‍ നല്‍കുമെന്നുമാണ് മാക്സിം കരുതിയിരുന്നതെന്ന് ബന്ധുവായ ഒലസ്യ നിക്കോളയേവ പറഞ്ഞു. ശരീരത്തിന്റെ ആത്മീയ ഊർജം വർധിപ്പിക്കുമെന്ന് കരുതപ്പെടുന്ന ബെറികള്‍ പോലുള്ള ഭക്ഷണമാണ് കുഞ്ഞിന് നൽകാനായി മാക്സിം ല്യൂട്ടി നിശ്ചയിച്ചിരുന്നത്.

കുഞ്ഞിനെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ചാൽ ശാരീരികക്ഷമത ലഭിക്കുമെന്നാണ് മാക്സിം ല്യൂട്ടി കരുതിയിരുന്നത്. സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പരിചരണങ്ങള്‍ മാക്സിം വിലക്കിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ മാക്സിം തയ്യാറായപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമായിരുന്നു. കുട്ടിയുടെ മരണത്തെ തുടർന്ന് മാക്സിമിനെയും ഒക്സാനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു വർഷത്തോളമായി മാക്സിം ജയിലില്‍ കഴിയുന്നു. കേസിന്റെ വിധി പറയുന്നതിന് മുന്നോടിയായുള്ള അവസാന വിചാരണ ദിവസം മാക്സിം കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് എട്ട് വർഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചത്.