Mon. Dec 23rd, 2024

കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങൾക്കും ഭക്തി​ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നിട്ടുണ്ട്. നടന്‍ മനോജ് കെ ജയന്‍ മകനാണ്.

ഇരട്ടസഹോദരനായ കെ ജി വിജയനൊപ്പം ചേർന്ന് മികച്ച ഭക്തി, സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും കെ ജി ജയൻ ഒരുക്കിയിട്ടുണ്ട്. സംഗീത ലോകത്ത് സഹോദരങ്ങൾ നിറഞ്ഞ് നിന്നത് ജയ – വിജയന്മാർ എന്ന പേരിലാണ്.

സഹോദരന്മാരുടെ പേര് ‘ജയവിജയ’ എന്ന് ചുരുക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. നക്ഷത്രദീപങ്ങള്‍, മാണിക്യവീണ, ശ്രീകോവില്‍ നടതുറന്നു, മാളികപ്പുറത്തമ്മ തുടങ്ങിയവ സഹോദരങ്ങളുടെ രചനകളില്‍ ചിലതാണ്.

യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചത് ജയ – വിജയന്മാരാണ്. സഹോദരന്മാർ ചേർന്നെഴുതി ഈണം പകർന്ന ‘ശ്രീശബരീശാ ദീനദയാലാ’ എന്ന ഗാനം ജയചന്ദ്രനും ‘ദർശനം പുണ്യദർശനം’ എന്ന പാട്ട് യേശുദാസും പാടി.

ആറാമത്തെ വയസ്സിലാണ് കെ ജി ജയൻ സംഗീത പഠനം തുടങ്ങിയത്. 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദു മണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വര പ്രാർഥന പാടിയ ജയ – വിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരോട് പറയുന്നത്.

ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് വിജയിച്ചു. ഉപരിപഠനം ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പോടെയായിരുന്നു. അധ്യാപക ജോലി രാജി വെച്ചാണ് കെ ജി ജയൻ സംഗീതത്തിലേക്ക് പൂർണമായും വന്നത്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ കോട്ടയം നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ ഗോപാലൻ തന്ത്രിയുടെയും പി കെ നാരായണിയമ്മയുടെയും മകനാണ് ജയൻ.

2019 ല്‍ പത്മശ്രീ ലഭിച്ചു. 1991 ൽ കേരള സം​ഗീത നാടക അക്കാദമി അവാർഡ്, 2013 ൽ ഹരിവരാസനം അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.