Wed. Jan 22nd, 2025

കൊച്ചി: റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.

നിയമവിരുദ്ധ കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം എ അബ്ദുൾ ഹഖിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ശാരീരിക പീഡനം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ്, 1952 ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്ന് ഹർജിയിൽ പറയുന്നു.

വിഷയം ഏറെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഹർജി ഈ മാസം 25 ന് കോടതി വീണ്ടും പരിഗണിക്കും.