Sun. Dec 22nd, 2024

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനുമായി ചർച്ച നടത്തിയിരുന്നു.

തുടർന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയത്. ഹുസൈൻ അമീർ അബ്ദുള്ളാഹിയാനുമായി ചർച്ച നടത്തിയെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി വി ധനേഷ് എന്നീ മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ശനിയാഴ്ച ഇസ്രായേലിന്റെ കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.