Tue. Nov 5th, 2024

കോഴിക്കോട്: പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മതം നോക്കിയല്ല ആരും സ്‌നേഹിക്കുന്നതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മറ്റ് സമൂഹങ്ങളിൽ മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കാനാണ് കേരള സ്‌റ്റോറി ശ്രമിക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചു.

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ടി നടന്ന ധനസമാഹരണം കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

”ഒരാൾ മറ്റൊരാളെ സ്‌നേഹിച്ചാൽ ചിലപ്പോൾ അവൻ അവളെ കൊണ്ടുപോകും. അല്ലെങ്കിൽ അവൾ അവനെ കൊണ്ടുപോകും. ഇതെല്ലാം സ്വാഭാവികമാണ്. അതിൽ ഒരു മതത്തെ ആക്ഷേപിക്കുന്നത് എന്തിനാണ്? മുസ്ലീംങ്ങളെ മറ്റു സമൂഹങ്ങളിൽ വളരെ മോശമായൊരു ചിത്രം വരുത്തിത്തീർക്കുന്നതാണ് കേരള സ്‌റ്റോറി. അമുസ്ലീംങ്ങളായ സ്ത്രീകളെ കൊണ്ടുപോകൽ മുസ്ലീംങ്ങളുടെ പണിയാണെന്ന് ചിത്രീകരിക്കുകയാണ്.”, ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

”പ്രേമമൊക്കെ സ്വാഭാവികമായി ഉണ്ടാകുന്ന സംഗതിയാണ്. അതുണ്ടാൽ പിന്നീട് മതമൊന്നും അവർക്കു തടസമാകില്ല. അത് ആർക്കും അങ്ങനെത്തന്നെയാണ്. മുസ്ലീംങ്ങളല്ലാത്ത പലരും മുസ്ലീംങ്ങളിൽ നിന്ന് പ്രേമിച്ച് കൊണ്ടുപോകുന്നുണ്ട്. ലവ് ജിഹാദിൽ ജിഹാദ് എന്ന് പേരുണ്ടായതുകൊണ്ട് ഇത് മുസ്ലീംങ്ങളുടെ മാത്രം സംഗതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ല.” ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.