Sun. Dec 22nd, 2024

കോഴിക്കോട്: അബ്ദുൾ റഹീം നാട്ടിലെത്തിയാൽ ഒരു കടയിട്ട് നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വീട്ടിലെത്തിയാണ് ബോബി ചെമ്മണ്ണൂർ ഇക്കാര്യം പറഞ്ഞത്.

റഹീമിനെ തന്റെ റോൾസ് റോയ്സ് കാറിന്റെ ഡ്രൈവറാക്കാനാണ് ആദ്യം വിചാരിച്ചതെന്നും എന്നാൽ രക്ഷപ്പെടുത്തിയ ആളെ കഷ്ടപ്പെടുത്താതെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

“അബ്ദുള്‍ റഹീമിന് ഒരു കട ഇട്ട് കൊടുക്കാന്‍ തീരുമാനിച്ചു. ബോച്ചെ ടീയുടെ ഹോൾ സെയിൽ കട ഇട്ടു നൽകും. എന്നിട്ട് അദ്ദേഹത്തെ ഒരു പാർട്ണറാക്കി മാറ്റുകയാണ്. ഇനി കടയും നോക്കി ഉമ്മയുടെ കൂടെ അദ്ദേഹം ഇരിക്കട്ടെ.”, ബോബി ചെമ്മണ്ണൂർ പറഞ്ഞു.

“ബോച്ചെ ലക്കി ഡ്രോയിലൂടെ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്നത് വലിയൊരു തുകയായിരിക്കും. ഇത് ഞാൻ എടുക്കില്ല. പകരം അബ്ദു റഹീമിന് ഒരു കടയിട്ട് നൽകും. ബാക്കി തുക മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.”, ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

അതേസമയം, 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അബ്ദുള്‍ റഹീമിന്റെ മാതാവ് നന്ദിയറിയിച്ചു. എവിടെ നിന്നാണ് പൈസ കിട്ടുക എന്ന് വിചാരിച്ച് വിഷമമുണ്ടായിരുന്നുവെന്നും ഇനി തന്റെ മകനെ കണ്ടിട്ടുള്ള സന്തോഷം വരട്ടേയെന്നും അബ്ദുള്‍ റഹീമിന്റെ മാതാവ് പ്രതികരിച്ചു.

18 വർഷമായി അബ്ദുള്‍ റഹീം റിയാദിലെ ജയിലില്‍ കഴിയുന്നു. മൂന്നാഴ്ചയോളം സമയമെടുത്താണ് അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചത്. പണം നൽകാൻ നാല് ദിവസം മാത്രം ബാക്കിയിരി​ക്കെയാണ് മുഴുവൻ തുകയും സ​മാ​ഹ​രി​ച്ചത്.