Sun. Dec 22nd, 2024

ചെന്നൈ: ശിവഗംഗ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദേവനാഥൻ യാദവിനെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി. തുടർന്ന് കാരൈക്കുടിയിൽ ദേവനാഥൻ യാദവിന് വേണ്ടി നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനൻറ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനം പണം നിക്ഷേപിച്ചവരുടെ 525 കോടി തട്ടിയെടുത്തെന്നാണ് പരാതി.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. കോൺഗ്രസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പലിശയും മറ്റു ലഭിക്കാതായത് ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കമ്പനി നൽകിയ 150 ഓളം ചെക്കുകൾ പണമില്ലാത്തതിൻ്റെ പേരിൽ മടങ്ങിയെന്നും നിക്ഷേപകർ ആരോപിക്കുന്നു. സർക്കാർ ജീവനക്കാരും വിരമിച്ചവരുമടക്കം അയ്യായിരത്തിലധികം ആളുകളാണ് നിക്ഷേപകർ. ഇവർക്ക് പലിശയോ മുതലോ തിരിച്ച് നൽകു​ന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.

അതേസമയം, ആരോപണങ്ങൾ തെറ്റാണെന്നാണ് ദേവനാഥൻ പറയുന്നത്. മൈലാപ്പൂർ ഹിന്ദു പെർമനൻറ് ഫണ്ട് നിധി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ദേവനാഥൻ. സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ സമ്പത്തിൽ രണ്ടാമതാണ് ദേവനാഥൻ.