Wed. Jan 22nd, 2025

ചെന്നൈ: തമിഴ്‌നാട്ടിലെ പലയിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്റെയും അഴിമതികൾ ആരോപിക്കുന്ന ‘ജീ പേ’ പോസ്റ്ററുകള്‍ പ്രചാരത്തിൽ. മോദിയുടെ ചിത്രമുള്ള ക്യൂ ആര്‍ കോഡ് അടങ്ങിയ പോസ്റ്ററുകള്‍ക്ക് മുകളില്‍ ‘ജി പേ’ എന്ന് എഴുതിയിട്ടുണ്ട്. പോസ്റ്ററിന്റെ താഴെയായി ‘സ്‌കാന്‍ ചെയ്യൂ അഴിമതി കാണൂ’ എന്നും എഴുതിയിട്ടുണ്ട്.

ക്യൂ ആര്‍ കോര്‍ഡ് സ്‌കാന്‍ ചെയ്താല്‍ വീഡിയോയിലേക്കാണ് പോകുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി ജെ പി നടത്തിയ അഴിമതികള്‍, സി എ ജി റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ച ക്രമക്കേടുകള്‍, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതികള്‍, ബി ജെ പി സർക്കാർ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളിയത് തുടങ്ങിയവയെല്ലാം വീഡിയോയില്‍ ആരോപിക്കുന്നു.

ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കാനും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്ററുകള്‍ക്ക് പിന്നിൽ ഡിഎംകെ പ്രവര്‍ത്തകരാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.
.