Wed. Jan 22nd, 2025

ന്യൂഡൽഹി: അഴിമതിക്കെതിരായ നടപടികളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒന്നാണെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.

അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.

വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും വോട്ടാകുമെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും രാമക്ഷേത്രവും നേട്ടമാണെന്നും മോദി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ച് മൂന്നാമതും ബിജെപി അധികാരത്തിലെത്തുമെന്നും മോദി കൂട്ടിച്ചേർത്തു.

“അഴിമതി ഇല്ലാതാക്കുകയായിരുന്നു കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ സർക്കാറിന്റെ പ്രധാനപ്പെട്ട മുൻഗണന വിഷയം. 2014 ൽ അധികാരത്തിൽ എത്തിയപ്പോൾ തന്നെ അഴിമതി അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചു. 2014 ന് മുമ്പ് 34 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെങ്കിൽ ഞങ്ങളുടെ സർക്കാറിന്റെ കാലത്ത് 2200 കോടി രൂപ ഇ ഡി പിടിച്ചെടുത്തു.”, മോദി പറഞ്ഞു.