Wed. Jan 22nd, 2025

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു. 34 കോ​ടി രൂ​പ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തിക്ക് നാല് ദിവസം മാത്രം ബാക്കിയിരി​ക്കെയാണ് മുഴുവൻ തുകയും സ​മാ​ഹ​രി​ച്ചത്.

18 വർഷമായി അബ്ദുൽ റഹീം റിയാദിലെ ജയിലില്‍ കഴിയുന്നു. 26ാം വയസ്സിലാണ് അബ്ദുൾ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം സൗദിയിൽ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകനെ പരിചരിക്കലായിരുന്നു റഹീമിന്റെ പ്രധാന ജോലി. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു കുട്ടിക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത്. ഫായിസിനെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

2006 ഡിസംബര്‍ 24 ന് കുട്ടിയെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോയിരുന്നു. ബോധരഹിതനായ കുട്ടി പിന്നീട് മരണപ്പെട്ടു.

സംഭവത്തിൽ റഹീമിനെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്നീട്, 34 കോടി രൂപ ദയാധനം നൽകിയാൽ വധശിക്ഷ ഒഴിവാക്കാമെന്ന് കുട്ടിയുടെ കുടുംബം അറിയിക്കുകയായിരുന്നു.