Mon. Dec 23rd, 2024

കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ദൈവാലയ പാരീഷ് ഹാളിലായിരുന്നു ഇന്നലെ പ്രദർശനം നടത്തിയത്. ചിത്രം പ്രദർശിപ്പിച്ച വിവരം കെസിവൈഎം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

”ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം. ദി കേരള സ്റ്റോറി. അതിരൂപതയിലെ യുവജനങ്ങൾക്കായി ബോധവൽക്കരണ സെമിനാറും സിനിമ പ്രദർശനവും ചെമ്പന്തൊട്ടിയിൽ വെച്ച് നടത്തപ്പെട്ടു. നൂറോളം യുവജനങ്ങൾ പങ്കെടുത്തു.”, കെസിവൈഎം ഫേസ്ബുക്കില്‍ കുറിച്ചു.

രൂപതയുടെ നിർദേശ പ്രകാരമല്ല കെസിവൈഎം സിനിമ പ്രദർശിപ്പിച്ചതെന്നും അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും രൂപത വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്.