Sat. Oct 5th, 2024

കൊച്ചി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളി. ‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്. അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്.

മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നാണ് പള്ളി വികാരി വ്യക്തമാക്കിയത്. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയോ സഭയോ നല്ലത് പറഞ്ഞത് കൊണ്ട് മാറ്റം വരില്ലെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറി വിവാദത്തിനിടെയാണ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

കഴിഞ്ഞ നാലാം തീയതി ഇടുക്കി രൂപത വിശ്വാസോത്സവത്തിന്‍റെ ഭാഗമായി കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറഞ്ഞിരുന്നത്.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും പറഞ്ഞ് ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയിരുന്നു.