Wed. Nov 6th, 2024

ഇടുക്കി: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ നാലാം തീയതി വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത അധികൃതര്‍ പറയുന്നത്.

ഏപ്രിൽ അഞ്ചിന് കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. സിനിമ ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. വിവാദങ്ങൾ നിൽക്കുന്നതിനിടയിലാണ് ഇടുക്കി രൂപതയിൽ കുട്ടികൾക്ക് വേണ്ടി സിനിമ പ്രദർശിപ്പിച്ചത്.

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോകുന്ന യുവതികളുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയ്‌ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമ റിലീസായി ഒരു മാസം കഴിഞ്ഞപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഈ സിനിമ ഏറ്റെടുക്കുന്നില്ലെന്ന് പറഞ്ഞ് സംവിധായകന്‍ സുദിപ്‌തോ സെന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിലാണ് സിനിമ ഒടിടി റിലീസായത്.