Mon. Dec 23rd, 2024

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജകുടുംബങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്ക് വലിയൊരു വേദിയാണ് ഭരണകക്ഷിയായ ബിജെപി ഒരുക്കുന്നത്. രാജകുടുംബങ്ങളിലെ 10 പിൻഗാമികളെയാണ് ഇത്തവണ ബിജെപി മത്സരത്തിനിറക്കുന്നത്. 

മൈസൂർ രാജവംശത്തിലെ പിൻമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ മൈസൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. 1999 വരെ നാല് തവണ കോൺഗ്രസ് എംപിയായിരുന്ന ശ്രീകണ്ഡദത്ത നരസിംഹരാജ വാഡിയാറുടെ കൊച്ചുമകനാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ.

2004ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ശ്രീകണ്ഡദത്ത നരസിംഹരാജ വാഡിയാർ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ  യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാരിലൂടെ വീണ്ടും രാഷ്ട്രീയയത്തിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് മൈസൂർ രാജകുടുംബം.

മഹിമകുമാരി വിശ്വരാജ് സിങ്ങ് മേവാർ, രാജസ്ഥാനിലെ രാജ്സമന്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപിയുടെ സ്ഥാനാർത്ഥിയാണ്. മേവാർ രാജവംശത്തിലെ അംഗമായ വിശ്വരാജ് സിങ്ങിൻ്റെ ഭാര്യയാണ് മഹിമകുമാരി വിശ്വരാജ് സിങ്ങ് മേവാർ. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വിശ്വരാജ് സിങ്ങ് ബിജെപിയിൽ ചേരുകയും  നഥ്ദ്വാരയിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു.

കിഴക്കൻ ത്രിപുരയിൽ നിന്നും കൃതി സിങ്ങ് ദെബ്ബർമയെയാണ് ബിജെപി മത്സരത്തിനിറക്കുന്നത്. ത്രിപുരയിലെ മാണിക്യ രാജകുടുംബത്തിലെ അംഗവും തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ദെബ്ബർമയുടെ സഹോദരിയുമാണ് കൃതി സിങ്ങ് ദെബ്ബർമ. തിപ്ര മോത പാർട്ടി അടുത്തിടെ ബിജെപിയുമായി ലയിച്ചിരുന്നു.

ഒഡിഷയിൽ മുൻ ബിജെഡി എംപി അർക്ക കേസരി ദിയോയുടെ ഭാര്യയും കലാഹന്ദി രാജകുടുംബത്തിലെ അംഗവുമായ മാളവിക കേസരി ദിയോയാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. 2023ലാണ് അർക്ക കേസരിയും മാളവികയും ബിജെപിയിൽ ചേർന്നത്. മാളവിക കേസരി ദിയോയെ കൂടാതെ പട്നഘർ ബോലാംഗിർ രാജകുടുംബത്തിലെ അംഗമായ സംഗീത കുമാരി സിങ്ങ് ദിയോയെയാണ് ഒഡിഷയിൽ ബിജെപി മത്സരത്തിനിറക്കുന്നത്. 

പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൃഷ്ണനഗർ മുൻ രാജകുടുംബാംഗമായ രാജ്മാത അമൃത റോയിയെയാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്രക്കെതിരെയാണ് രാജ്മാത അമൃത റോയി മത്സരിക്കുന്നത്.

ഇവരെല്ലാം തന്നെ ആദ്യമായി മത്സരിക്കുന്നവരാണ്. ഇവരെ കൂടാതെ നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചവരും ഇപ്പോൾ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. പഞ്ചാബിൽ മുൻ കോൺഗ്രസ് എംപി പ്രണീത് കൗറാണ് രാജകുടുംബത്തിൽ നിന്നുള്ള ബിജെപിയുടെ സ്ഥാനാർത്ഥി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ ഭാര്യയാണ് പ്രണീക് കൗർ. 

കേന്ദ്ര മന്ത്രിയും ഗ്വാളിയാർ രാജകുടുംബത്തിലെ അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ ഗുണയിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 

ധോൽപുർ രാജകുടുംബത്തിലെ അംഗവും മൂന്ന് തവണ ജലാവർ- ബാരൻ എംപിയുമായിരുന്ന ബിജെപി നേതാവ് ദുഷ്യന്ത് സിങ്ങും മത്സരിക്കുന്നുണ്ട്.ഛത്രപതി ശിവജി മഹാരാജിൻ്റെ പിൻമുറക്കാരനും ബിജെപിയുടെ രാജ്യസഭ എംപിയുമായ ഉദ്യൻരാജെ ഭോസാലെ മഹാരാഷ്ട്രയിലെ സത്താര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. 2019ൽ ഭോസാലെ എൻസിപിയിൽ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.