Mon. Dec 23rd, 2024

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ വേണമെന്നും ഇസ്രായേലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യുഎൻ മനുഷ്യാവകാശ കൗൺസിന്റെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയടക്കം 13 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്.

47 അംഗ കൗണ്‍സിലില്‍ 28 പേര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് പ്രമേയം പാസാക്കി. അമേരിക്കയും ജര്‍മനിയും ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ആവശ്യത്തെ ഇന്ത്യ നേരത്തെ അനുകൂലിച്ചിരുന്നു.

അദാനിയുടെ ഉടമസ്ഥതയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡ്രോണ്‍ നിര്‍മാണ സ്ഥാപനത്തില്‍ നിന്ന് ഹെര്‍നിസ് ഡ്രോണുകള്‍ ഇസ്രായേലിന് ഇന്ത്യ കൈമാറിയതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഡ്രോണുകള്‍ ഇസ്രായേല്‍ ഗാസക്കെതിരെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ട് നില്‍ക്കാനുള്ള കാരണമിതാണെന്നാണ് സൂചന.

ആറ് മാസങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ ആദ്യമായാണ് ഇസ്രായേലിനെതിരെ യുഎന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയുന്നതിന് വോട്ടെടുപ്പ് അത്യാവശ്യമാണെന്നാണ് കൗണ്‍സില്‍ വ്യക്തമാക്കിയത്.

കാനഡ, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, സ്‌പെയിന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തിയിരുന്നു. എന്നാൽ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധം നല്‍കുന്നത് തുടരുകയാണ്.