Mon. Dec 23rd, 2024

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യൽക്കടയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം ഏഴുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കൻ്റോൺമെൻ്റ് ഏരിയയിലെ ദനാബസാറിലുള്ള കടയിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിലുള്ളവരാണ് മരിച്ചത്. 

തയ്യൽകടയിൽ നിന്നുള്ള തീയുടെ പുക ശ്വസിച്ചതാണ് മരണകാരണമായി സംശയിക്കുന്നതെന്നും യഥാർത്ഥ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ‘പുലർച്ചെ നാല് മണിക്കാണ് കടയ്ക്ക് തീപിടിക്കുന്നത്. 4.15 നാണ് തീപ്പിടിത്തമുണ്ടായ വിവരം പോലീസ് അറിയുന്നതെന്നും  കെട്ടിടത്തിനു മുകളിൽ താമസിച്ചിരുന്ന കുടുംബം തീയുടെ പുക ശ്വസിച്ച് മരിക്കുകയായിരുന്നുവെന്നും’ പോലീസ് കമ്മീഷണർ മനോഹ് ലോഹ്യ പറഞ്ഞു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും മരിച്ചതായാണ് റിപ്പോർട്ട്. 

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അസിം ഷെയ്ഖ്(3), പാരി ഷെയ്ഖ്(2), വസിം ഷെയ്ഖ്(30), തൻവീർ ഷെയ്ഖ്(23), ഹാമിദ ബീഗം(50), ഷെയ്ഖ് സൊഹൈൽ(35), രേഷ്മ ഷെയ്ഖ്(22) എന്നിവരാണ് മരിച്ചത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.