Tue. Sep 10th, 2024

മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കില്ല. സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് മത്സരാർത്ഥിയെ പങ്കെടുപ്പിക്കുന്നതിനായുള്ള സെലക്ഷൻ നടപടികളൊന്നും നടത്തിയിട്ടില്ലെന്ന് സംഘാടകർ വ്യക്തമാക്കി.

വരാനിരിക്കുന്ന മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ 100ലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ സൗദി അറേബ്യ ഇല്ലെന്നും സംഘാടകർ പറഞ്ഞു.

ചരിത്രത്തിലാദ്യമായി സൗദി അറേബ്യ മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു നേരത്തെ വാർത്തകൾ പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’, എന്നാണ് മാർച്ച് 25ന് റൂമി അല്‍ഖഹ്താനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.